ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി
എരുമേലി: വനാതിര്‍ത്തിയിലെ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. തുമരംപാറ കൊപ്പം വനാതിര്‍ത്തിയിലാണ് കാട്ടാന ഇറങ്ങിയതായി കണ്ടെത്തിയത്.
വനത്തോട് ചേര്‍ന്നുളള ക്യഷിയിടങ്ങളില്‍ ഇറങ്ങിയ ഒറ്റയാന്‍ വാഴ, പ്ലാവ്, പന തുടങ്ങിയവ നശിപ്പിച്ചു. ആനക്കല്ലില്‍ നൗഷാദിന്റെ ക്യഷിയിടത്തിലെ പ്ലാവ് മറിച്ചിട്ട കാട്ടാന വാഴകള്‍ നശിപ്പിക്കുകയും റബര്‍ മരങ്ങള്‍ മറിച്ചിടാന്‍ ശ്രമം നടത്തുകയും ചെയ്തു. തുടര്‍ന്ന് സമീപത്തെ മറ്റൊരാളുടെ പറമ്പിലൂടെ ആന പ്രദേശത്തേക്കുളള റോഡില്‍ ഇറങ്ങിയതിന്റെ ലക്ഷണവും കണ്ടെത്തിയിരുന്നു.
കാട്ടാന ശല്യം അധികമില്ലാത്ത പ്രദേശത്ത് കാട്ടാന ഇറങ്ങിയതായി കണ്ടെത്തിയതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. നൗഷാദിന്റെ വീടിന് സമീപം വരെ ആന എത്തിയ വിവരം രാവിലെയാണ് വീട്ടുകാര്‍ അറിയുന്നത്. കാട്ടാന ഇറങ്ങിയ വിവരമറിഞ്ഞ് ഡി.ആര്‍.ഒ രതീഷ് കെ.വിയുടെ നേത്യത്വത്തില്‍ വനം വകുപ്പ് ഉദ്ദ്യോഗസ്ഥരും സ്ഥലത്തെത്തി.
കാട്ടുമ്യഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് കടക്കാതിരിക്കാനായി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോയിക്കക്കാവ് ഭാഗങ്ങളില്‍ സൗരോര്‍ജ്ജവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൊപ്പത്ത് വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജവേലി ഇല്ലാത്തതാണ് കാട്ടാന ഇറങ്ങാന്‍ കാരണമായത്. ഇതോടെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് സൗരോര്‍ജ്ജ വേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."