വാഗമണ്‍ സിമി ക്യാംപ്: പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും പിഴയും
കൊച്ചി: നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി) വാഗമണില്‍ ആയുധ പരിശീലന ക്യാംപ് നടത്തിയെന്ന കേസില്‍ 18 പ്രതികള്‍ക്കും ഏഴുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. റിമാന്‍ഡ് കാലാവധി ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്തു നല്‍കും.
നാലു മലയാളികളടക്കം 18പേര്‍ കുറ്റക്കാരെന്ന് എന്‍.ഐ.എ പ്രത്യേക കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ 17പേരെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി കോട്ടയം ഈരാറ്റുപേട്ട പീടിയക്കല്‍ ശാദുലി, സഹോദരനും നാലാം പ്രതിയുമായ പി.എ ശിബിലി, 5ാം പ്രതി ആലുവ കുഞ്ഞുണ്ണിക്കരയിലെ മുഹമ്മദ് അന്‍സാര്‍, 6ാം പ്രതി അബ്ദുല്‍ സത്താര്‍ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളികള്‍.
കര്‍ണാടക സ്വദേശി ഹഫീസ് ഹുസൈന്‍, മുഹമ്മദ് സാമി,നദീം സയീദ്, ഡോ. അസദുല്ല, ഷക്കീല്‍ അഹമ്മദ്, ഡോ.മിര്‍സ അഹമ്മദ്, മധ്യപ്രദേശ് സ്വദേശികളായ സഫ്ദാര്‍ ഹുസൈന്‍, ആമില്‍ പര്‍വേസ്, ഖമറുദ്ദീന്‍ നഗോരി, ഉത്തര്‍ പ്രദേശ് സ്വദേശി മുഫ്തി അബ്ദുല്‍ ബഷീര്‍, ജാര്‍ഖണ്ഡ് സ്വദേശികളായ ഡാനിഷ്, മന്‍സാര്‍ ഇമാം, മുംബൈ സ്വദേശി മുഹമ്മദ് അബു ഫൈസല്‍ ഖാന്‍, ഗുജറാത്ത് സ്വദേശി ആലം അഫ്രീദി എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍.
ഇവര്‍ക്കെതിരേ ചുമത്തിയ യു.എ.പി.എ, സ്‌ഫോടക വസ്തുനിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിയ്യൂര്‍ ജയിലിലായിരുന്ന അബ്ദുല്‍ സത്താര്‍, കര്‍ണാടക സ്വദേശി മുഹമ്മദ് ആസിഫ് എന്നിവരെ കൊച്ചി കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നു. ബാക്കി പ്രതികളെ അഹമ്മദാബാദ്, ഭോപ്പാല്‍, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് കോടതി വിചാരണ നടത്തി വിധി പറഞ്ഞത്.
ആകെ 38 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. 35 പേരുടെ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി ഇന്നലെ കുറ്റക്കാരെ പ്രഖ്യാപിച്ചത്. 38ാം പ്രതിയായ ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപകന്‍ അബ്ദുല്‍ സുബുഹാന്‍ ഖുറൈഷിയെ ഈ വര്‍ഷമാണ് അറസ്റ്റ് ചെയ്തത്. 31ാം പ്രതിയായ മെഹബൂബ് ഷെയ്ഖ് ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ ഭോപ്പാലില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചിരുന്നു. മറ്റൊരുപ്രതിയായ വാസിഖ് ബില്ല ഇപ്പോഴും ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."