കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്നു മരണം: മനുഷ്യാവകാശ കമ്മിഷന്‍ ഉനൈസിന്റെ വീട്ടിലെത്തി
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പൊലിസ് കസ്റ്റഡിയില്‍ മര്‍ദനത്തിനിരയാവുകയും പിന്നീടു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത എടക്കാട്ടെ അരേചെങ്കീല്‍ ഉനൈസിന്റെ വീട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി. മോഹനദാസ് സന്ദര്‍ശിച്ചു.
പത്രവാര്‍ത്തയെ തുടര്‍ന്നു സംഭവം ശ്രദ്ധയില്‍പ്പെട്ട കമ്മിഷന്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസിലെ സിറ്റിങിനു ശേഷം ഇന്നലെ വൈകിട്ട് 3.45ഓടെയാണ് ഉനൈസിന്റെ വീട്ടിലെത്തിയത്. മാതാവ് സക്കീനയില്‍ നിന്നും സഹോദരന്‍ നവാസില്‍ നിന്നും വിവരം ചോദിച്ചറിഞ്ഞ കമ്മിഷന്‍ ബന്ധുക്കളുടെ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കാമെന്നും അറിയിച്ചു. എടക്കാട് എസ്.ഐ മഹേഷ് കോടമ്പേത്തും സ്ഥലത്തെത്തിയിരുന്നു.
പിണറായിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഉനൈസിന്റെ മരണത്തിനു പിന്നില്‍ പൊലിസ് മര്‍ദനമാണെു ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലിസ് മേധാവിക്കും പരാതി നല്‍കി. ഉനൈസിന്റെ മരണത്തില്‍ ജില്ലാ പൊലിസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നു തിങ്കളാഴ്ച മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഭാര്യാപിതാവിന്റെ വീടിന് കല്ലെറിഞ്ഞെന്ന പരാതിയില്‍ ഫെബ്രുവരി 21 ന് ഉനൈസിനെ എടക്കാട് പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് താക്കീത് ചെയ്ത് വിട്ടയച്ചു.
എന്നാല്‍ ഭാര്യാപിതാവിന്റെ സ്‌കൂട്ടര്‍ കത്തിച്ചുവെന്ന് പറഞ്ഞ് ഫെബ്രുവരി 23 ന് പൊലിസ് വീട്ടില്‍ നിന്ന് ഇയാളെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. സ്റ്റേഷനിലിട്ട് മര്‍ദിച്ചതായാണ് പരാതി. മര്‍ദനമേറ്റ് അവശനായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസത്തിന് ശേഷം ആശുപത്രി വിട്ട ഉനൈസ് അവശനിലയില്‍ രണ്ട് മാസത്തോളം കഴിഞ്ഞ ശേഷമാണ് മരിച്ചത്.
പൊലിസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനമേറ്റെന്നും ഇനി അധ്വാനിച്ചു ജീവിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നും മര്‍ദനത്തിനു നേതൃത്വം നല്‍കിയ പൊലിസുകാര്‍ക്കെതിരേ നടപടി വേണമെന്നും ഉനൈസ് എഴുതി ഒപ്പിട്ട കത്ത് വീട്ടില്‍ നിന്നു ലഭിച്ചിരുന്നു. മരണ ശേഷമാണ് ഈ കത്ത് വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. ഈമാസം രണ്ടിനാണ് ഉനൈസിനെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഉനൈസിന്റെ കത്തിന്റെ പൂര്‍ണരൂപം
സര്‍,
നിരപരാധിയായ എന്നെ യാതൊരുവിധ കാരണവുമില്ലാതെ വീട്ടില്‍ നിന്നും ബലമായി പിടിച്ചു കൊണ്ടുപോവുകയും എടക്കാട് പൊലിസ് സ്റ്റേഷനില്‍വച്ച് ക്രൂരമായി മര്‍ദിച്ച് അവശനാക്കി. ഞാന്‍ ഇപ്പോള്‍ തലശ്ശേരി കോ ഓപ്പററ്റീവ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. എന്റെ ഭാര്യയുടെ വീട് മുഴപ്പിലങ്ങാട് ബീച്ചിലാണ്. ഹൈദര്‍ മന്‍സില്‍. ഭാര്യാപിതാവിന്റെ പേര് ബഷീര്‍ എന്നാണ്. ഇദ്ദേഹത്തിന്റെ വീടിന്റെ ജനല്‍ ഗ്ലാസ് ആരോ രാത്രിയില്‍ എറിഞ്ഞ് തകര്‍ത്തിരുന്നു. ഇത് 21 - 02 - 2018 രാത്രിയാണ് സംഭവിച്ചതെന്നും ഇതിനു കാരണക്കാരന്‍ ഞാനാണെന്നും പറഞ്ഞ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ ഞാന്‍ സ്റ്റേഷനില്‍ പോവുകയും സ്‌റ്റേഷനില്‍ നിന്നും മധ്യസ്ഥന്‍ പറഞ്ഞ് എന്നെ പറഞ്ഞുവിടുകയും ചെയ്തു. ഈ കൃത്യത്തിന് ഞാന്‍ ഉത്തരവാദിയല്ല. ഇതിനു ശേഷം രാത്രിയില്‍ ഭാര്യാപിതാവിന്റെ സ്‌കൂട്ടര്‍ ഇരുട്ടിന്റെ മറവില്‍ ആരോ കത്തിക്കുകയും ഇത് ഞാനാണ് ചെയ്തതെന്ന് പറഞ്ഞ് വീണ്ടും വീട്ടില്‍ നിന്നു പിടിച്ചിറക്കി കൊണ്ടുപോവുകയുമാണ് ഉണ്ടായത്.
എന്റെ കാല്‍ പാദത്തിന്റെ അടിഭാഗം ലാത്തി കൊണ്ട് അടിച്ച് നടക്കാത്തവിധം ആക്കിയിരിക്കുന്നു. നെഞ്ചിലും മുതുകിലും ക്രൂരമായി മുഷ്ടി കൊണ്ടും അടിച്ച് പരുക്കേല്‍പ്പിച്ചു. സ്‌കാനിങ് ചെയ്തപ്പോള്‍ ആന്തരാവയവങ്ങള്‍ക്ക് പരുക്കുണ്ടെന്നു പറഞ്ഞു. സ്റ്റേഷനില്‍ നിന്നും പൊലിസിന്റെ അടിയേറ്റ് ഞാന്‍ മരണപ്പെടുകയാണെങ്കില്‍ നിന്നെ വലിച്ചിഴച്ച് റെയില്‍പാളത്തില്‍ കൊണ്ടുപോയി ഇടുകയും അത് ആത്മഹത്യയാണെന്ന് ഞങ്ങള്‍ വരുത്തി തീര്‍ക്കുകയും ചെയ്യുമെന്ന് പുരുഷു എസ്.ഐയും കൂടെ ഉണ്ടായിരുന്ന ഏഴോളം പൊലിസുകാരും പറയുകയും ചെയ്തു. എനിക്ക് ഭാര്യയും നാലു മക്കളുമുണ്ട്. ഇനി എനിക്ക് അധ്വാനിച്ച് ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. നിരപരാധിയായ എന്നെ ക്രൂരമായി മര്‍ദിച്ച എടക്കാട് സ്റ്റേഷനിലെ എസ്.ഐക്കും പൊലിസുകാര്‍ക്കുമെതിരേ നടപടിയുണ്ടാകണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
എന്ന്
ഉനൈസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."