ചിന്നാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നാളെ
തൊടുപുഴ: കേരളത്തിന്റെ ഊര്‍ജസ്രോതസായി ഇടുക്കിയില്‍ പുതിയൊരു ജലവൈദ്യുതി പദ്ധതിക്ക് കൂടി തുടക്കം കുറിയ്ക്കുന്നു. 24 മെഗാവാട്ട് ശേഷിയുള്ള ചിന്നാര്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നാളെ നടക്കും. മുരിക്കാശ്ശേരി കൊന്നത്തടി മങ്കുവയിലാണ് പദ്ധതി ഉയരുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങളൊന്നുമില്ലാതെ വര്‍ഷം മുഴുവന്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് ചിന്നാര്‍ പദ്ധതിയുടെ സവിശേഷത. ചിന്നാര്‍ മങ്കുവയില്‍ നിര്‍മിക്കുന്ന 150 മീറ്റര്‍ നീളവും 9.2 മീറ്റര്‍ ഉയരവുമുള്ള ഗേറ്റില്ലാത്ത കോണ്‍ക്രീറ്റ് തടയണ, 3,125 മീറ്റര്‍ നീളവും കോണ്‍ക്രീറ്റ് ലൈനിങ്ങോടെ 3.3 മീറ്റര്‍ വ്യാസമുള്ള തുരങ്കം, പനംകൂട്ടിയില്‍ നിര്‍മ്മിക്കുന്ന പവര്‍ഹൗസ്, പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കാനുള്ള 550 മീറ്റര്‍ നീളവും 3 മീറ്റര്‍ വ്യാസവുമുള്ള പൈപ്പ് ലൈന്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാനഭാഗങ്ങള്‍. 269.87 കോടിയാണ് നിര്‍മാണ ചെലവ്.
വന്‍കിട പദ്ധതികളേറെയും നിര്‍മിക്കുവാന്‍ തടസങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ പാഴായി പോകുന്ന ജലസമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചെറുകിട പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിവരുന്നതെന്ന് മന്ത്രി എം.എം. മണി വ്യക്തമാക്കി. ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ 165 മെഗാവാട്ടിന്റെ സ്ഥാപിതശേഷി കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനഭൂമി ആവശ്യമില്ലാത്ത ചിന്നാര്‍ പദ്ധതിക്കായി 109 പേരില്‍ നിന്ന് 16.03 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 14.03 ഹെക്ടര്‍ ഏറ്റെടുത്തു കഴിഞ്ഞു. അണക്കെട്ട്, തുരങ്കം തുടങ്ങിയവയുടെ നിര്‍മാണ പ്രാരംഭ ജോലികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. 17 ന് രാവിലെ 11 ന് മുരിക്കാശേരിയില്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനാകും. അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി. മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഇ.ബി ചെയര്‍മാന്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."