സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നാല് പുതുമുഖങ്ങള്‍
തിരുവനന്തപുരം: കെ.ഇ ഇസ്മാഈല്‍ പക്ഷത്തിന് കനത്ത തിരിച്ചടി നല്‍കി സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് പുനഃസംഘടിപ്പിച്ചു. ഇസ്മാഈല്‍ പക്ഷക്കാരായ മന്ത്രി വി.എസ് സുനില്‍കുമാര്‍, കമല സദാനന്ദന്‍, വി.വി ബിനു, പി.കെ കൃഷ്ണന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പക്ഷക്കാരായ രാജാജി മാത്യു തോമസ്, പി.വസന്തം, എ.കെ.ചന്ദ്രന്‍, പി.പി.സുനീര്‍ എന്നിവര്‍ പുതുമുഖങ്ങളായി എക്‌സിക്യൂട്ടീവില്‍ ഇടംപിടിക്കുകയും ചെയ്തു. 21 അംഗ എക്‌സിക്യൂട്ടിവിലെ മറ്റ് അംഗങ്ങള്‍: കാനം രാജേന്ദ്രന്‍, കെ. പ്രകാശ്ബാബു, സത്യന്‍ മൊകേരി, മന്ത്രി ഇ.ചന്ദ്രശേഖരന്‍, കെ.പി.രാജേന്ദ്രന്‍, സി.എന്‍. ജയദേവന്‍ എം.പി, ജെ. ചിഞ്ചുറാണി, എന്‍.രാജന്‍, സി.എ. കുര്യന്‍, ടി. പുരുഷോത്തമന്‍, വി. ചാമുണ്ണി, കെ. രാജന്‍ എം.എല്‍.എ, കെ.ആര്‍. ചന്ദ്രമോഹനന്‍, മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ, പി. പ്രസാദ്. കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനെന്ന നിലയില്‍ സി.പി മുരളിയും എക്‌സിക്യുട്ടീവില്‍ അംഗമാകും. അസിസ്റ്റന്റ് സെക്രട്ടറിമാരായി കെ. പ്രകാശ്ബാബുവും സത്യന്‍ മൊകേരിയും തുടരും.
പ്രകാശ്ബാബു മൂന്നാം തവണയും മൊകേരി രണ്ടാം തവണയുമാണ് അസിസ്റ്റന്റ് സെക്രട്ടറിയാകുന്നത്. കെ.ആര്‍ ചന്ദ്രമോഹനാണ് ട്രഷറര്‍.
സി.പി മുരളിയാണു കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍. ജെ. ഉദയഭാനു സെക്രട്ടറി. നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സി. ദിവാകരനെയും ഇസ്മാഈല്‍ പക്ഷക്കാരനായ സി.എന്‍ ചന്ദ്രനെയും എക്‌സിക്യൂട്ടീവില്‍ നിലനിര്‍ത്തി. ഇരുവരെയും ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കെ.പി രാജേന്ദ്രന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."