ഭവന വായ്പ നിര്‍ത്തലാക്കി; സര്‍ക്കാര്‍ ജീവനക്കാര്‍ ദുരിതത്തില്‍
എടച്ചേരി: ഈ വര്‍ഷം മുതല്‍ ഭവന വായ്പ നിര്‍ത്തലാക്കിയത് കേരളത്തിലെ ആയിരക്കണക്കിനു സര്‍ക്കാര്‍ ജീവനക്കാരെ ദുരിതത്തിലാഴ്ത്തി. സ്വന്തമായി വീടു വയ്ക്കാനും നിര്‍മിച്ചവയുടെ അറ്റകുറ്റപ്പണികള്‍ക്കായും സര്‍ക്കാര്‍ അനുവദിച്ചിരുന്ന വായ്പാ പദ്ധതി അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറെ സഹായകരമായിരുന്നു.
എന്നാല്‍ കഴിഞ്ഞ മാസം അവസാനത്തോടെ സര്‍ക്കാര്‍ ഭവന വായ്പകള്‍ സ്വീകരിക്കേണ്ടെന്ന നിലപാട് എടുത്തതോടെ ജീവനക്കാര്‍ക്ക് ഇരട്ടപ്രഹരമായി. വായ്പ ലഭിക്കാത്തതിനു പുറമെ കഴിഞ്ഞ കുറെ മാസങ്ങളായി ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാനായി നടത്തിയ കഠിനാധ്വാനവും പാഴായ സ്ഥിതിയാണ്.
കഴിഞ്ഞ ജനുവരി മുതല്‍ തുടങ്ങിയതാണ് അപേക്ഷ തയാറാക്കാനുള്ള ജീവനക്കാരുടെ നെട്ടോട്ടം. കേരള സര്‍ക്കാരിന്റെ ധനകാര്യ വകുപ്പ് അനുവദിക്കുന്ന ഭവന വായ്പാ പദ്ധതി ലഭിക്കണമെങ്കില്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഓഫിസ് മേധാവി അനുവദിക്കുന്ന ശുപാര്‍ശകള്‍ക്ക് പുറമെ വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍, അഡിഷണല്‍ ഗവ. പ്ലീഡര്‍ തുടങ്ങി നിരവധി ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കണം.
ഓരോ ഉദ്യോഗസ്ഥനും ലഭിക്കുന്ന ശമ്പളം, പെന്‍ഷന്‍, ഗ്രാറ്റിവിറ്റി തുടങ്ങിയവയുടെ വിശദവിവരങ്ങള്‍ തയാറാക്കി അതതു തദ്ദേശസ്വയ ഭരണ സ്ഥാപന മേധാവിയുടെ അംഗീകാരം വാങ്ങണം.
ഭൂമി സംബന്ധമായ നിരവധി രേഖകളും വിവിധ ഓഫിസുകളില്‍ നിന്നായി സമ്പാദിക്കണം. ഒറിജിനല്‍ ആധാരം, നികുതി രസീതി, കുടിക്കടം, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, പൊസിഷന്‍ ആന്‍ഡ് നോണ്‍ അറ്റാച്ച്‌മെന്റ്, പട്ടയം, അടിയാധാരം തുടങ്ങിയ അപേക്ഷകര്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ നിരവധിയാണ്. ഒടുവില്‍ എല്ലാ രേഖകളും ശരിയാക്കി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇത്തവണ ഭവന വായ്പ അനുവദിക്കേണ്ടെന്നും അതിനാല്‍ അപേക്ഷകള്‍ സ്വീകരിക്കേണ്ടതില്ലെന്നുമുള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത്.
ഇത് അധ്യാപകരെയും ജീവനക്കാരെയും ഏറെ നിരാശപ്പെടുത്തിയിരിക്കയാണ്. വിവിധ ഓഫിസുകളില്‍ നിന്നായി വ്യത്യസ്ത രേഖകള്‍ തയാറാക്കാനും പ്ലാന്‍ എസ്റ്റിമേറ്റിനും മറ്റുമായി 15000 രൂപയോളം ചെലവായിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. നിലവിലെ വ്യവസ്ഥയനുസരിച്ച് ഭവന വായ്പയ്ക്ക് അപേക്ഷിക്കണമെങ്കില്‍ മിനിമം അഞ്ചു വര്‍ഷത്തെ സര്‍വിസും വിരമിക്കാന്‍ അഞ്ചു വര്‍ഷം ബാക്കിയും വേണം.
അപേക്ഷ തയാറാക്കിയവരുടെ കൂട്ടത്തില്‍ സര്‍വിസില്‍ നിന്ന് പിരിയാന്‍ ഇനി അഞ്ചു വര്‍ഷം മാത്രം ബാക്കിയുള്ളവരുമുണ്ട്. അവര്‍ക്ക് അടുത്ത വര്‍ഷം ഭവനവായ്പയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. വിഷയത്തില്‍ പ്രതിഷേധിക്കാന്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷ സംഘടനകള്‍ കാര്യമായ ശ്രമം നടത്തിയില്ലെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."