കണ്ഠരര് മഹേശ്വരര്‍ക്ക് അന്ത്യാഞ്ജലി
ചെങ്ങന്നൂര്‍ : ശബരിമല വലിയ തന്ത്രി ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് താഴമണ്‍മഠം കണ്ഠരര് മഹേശ്വരര്‍ക്ക് (91) അന്ത്യാഞ്ജലി. ആചാരപൂര്‍വ്വമുള്ള അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതിയോടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ പകല്‍ 12.30ന് താഴമണ്‍മഠം വളപ്പില്‍ മകന്‍ കണ്ഠരര് മോഹനര് ചിതയ്ക്ക് തീകൊളുത്തി. കണ്ഠരര് മഹേശ്വരരുടെ പിതൃ സഹോദര പുത്രനും ശബരിമല തന്ത്രിയുമായ കണ്ഠരര് രാജീവര്, ചെറുമക്കളായ ശബരിമല തന്ത്രി മഹേഷ് മോഹനര്, രാഹുല്‍ ഈശ്വര്‍, സന്ദീപ് എന്നിവരും മരണാനന്തര ചടങ്ങുകളില്‍ ഭാഗമായി.
മുഖ്യമന്ത്രിയ്ക്ക് വേണ്ടിയും സംസ്ഥാന സര്‍ക്കാരിനുവേണ്ടിയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രിമാരായ ജി. സുധാകരന്‍, എ സി മൊയ്തീന്‍, ഡോ. ടി .എം തോമസ് ഐസക്, എ.കെ ബാലന്‍, സി. രവീന്ദ്രനാഥ്, ജെ. മേഴ്‌സിക്കുട്ടിയമ്മ, എം.എം മണി, മാത്യു ടി. തോമസ്, പി.കെ ശ്രീമതി എം.പി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.എല്‍.എമാരായ രാജു ഏബ്രഹാം, യു. പ്രതിഭാഹരി, ആര്‍. രാജേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.എസ് ശബരിനാഥ്, വി.എസ് ശിവകുമാര്‍ ചെങ്ങന്നൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം കെ. രാഘവന്‍, തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത, ബിനോയ് വിശ്വം, എന്നിവരും ശബരിമലയിലേയും മാളികപ്പുറത്തേയും മുന്‍ മേല്‍ശാന്തിമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥനത്തിനകത്തും പുറത്തും നിന്നെത്തിയ വിവിധ ക്ഷേത്രഭാരവാഹികള്‍, വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് വീട്ടില്‍ കിടപ്പായിരുന്ന കണ്ഠര് മഹേശ്വര് തിങ്കളാഴ്ച പകല്‍ 1.30 ഓടെയാണ് അന്തരിച്ചത്. കേരളത്തിന് അകത്തും പുറത്തും വിദേശത്തുമായി വ്യാപിച്ചു കിടക്കുന്ന 300 ഓളം ക്ഷേത്രങ്ങളിലെ താന്ത്രിക അവകാശിയായ തന്ത്രിക്ക് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിലെ നിരവധി പേരാണ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."