പൊലിസ് ബൈക്ക് വിട്ടുനല്‍കണമെന്ന് ആവശ്യം; മരത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി
മുട്ടം: പൊലിസ് പിടിച്ചുവച്ച ബൈക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് മധ്യവയസ്‌കന്‍ മരത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ വൈകിട്ട് അഞ്ചിനാണ് മലങ്കര പെരുമറ്റം വള്ളിയാനിപുറം ജോമോന്‍ (46) പെരുമറ്റം ജങ്ഷനു സമീപത്തുള്ള മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഭാര്യയുമായി ഇയാള്‍ സ്ഥിരം വഴക്കാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ആഴ്ച പെരുമറ്റത്ത് ഇയാള്‍ ഭാര്യയുമായി വഴക്കടിച്ചതിനെ തുടര്‍ന്ന് ഭാര്യ മുട്ടം പൊലിസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ ബൈക്ക് ഓടിച്ച് ജോമോനും പൊലിസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
തുടര്‍ന്ന് ബൈക്ക് തന്റെ പേരിലാണെന്നും ഇത് വാങ്ങി തരണമെന്നും ജോമോന്റെ ഭാര്യ പരാതി എഴുതി നല്‍കി.
ഇതേതുടര്‍ന്ന് മുട്ടം പൊലിസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ബൈക്ക് കസ്റ്റടിയിലെടുക്കയും ചെയ്തു. ബൈക്ക് വിട്ടുതരണമെന്ന ആവശ്യവുമായാണ് ഇയാള്‍ ഇന്നലെ മരത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
തൊടുപുഴ ഫയര്‍ഫോഴ്‌സും മുട്ടം പൊലിസും സംഭവസ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടേയും പൊലിസിന്റേയും നിര്‍ബന്ധത്തിന് വഴങ്ങി ഇയാള്‍ തനിയെ മരത്തില്‍ നിന്ന് താഴെ ഇറങ്ങുകയായിരുന്നു. ഇയാളെ തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് പരിശോധനക്കായി മാറ്റി.
മദ്യപാനം മാറ്റിയെടുക്കുന്നതിനും ഭാര്യയുമായി രമ്യതയില്‍ പോകുന്നതിനും ജോമോനെ ഇന്ന് കൗണ്‍സലിങ് സെന്ററിലേക്ക് അയക്കാന്‍ മുട്ടം പൊലിസ് നടപടികള്‍ സ്വീകരിച്ചിരുന്നതാണെന്ന് മുട്ടം എസ്.ഐ. ബിജോയി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."