പുകയില പ്രായമായവരില്‍ പലതരം രോഗങ്ങളുണ്ടാക്കുന്നു
തിരുവനന്തപുരം : പുകയില ഉപയോഗം പ്രായമായവരില്‍ പലതരം രോഗങ്ങള്‍ ഒരുമിച്ചുണ്ടാകുന്ന ശാരീരികസ്ഥിതിക്ക് (മള്‍ട്ടി മോര്‍ബിഡിറ്റി) കാരണമാകുന്നതായി കണ്ടെത്തല്‍. മെഡിക്കല്‍ ഗവേഷണ രംഗത്തെ ഓണ്‍ലൈന്‍ ജേണല്‍ 'ബി.എം.ജി ഓപ്പണ്‍' കേരളമുള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
സാംക്രമികേതരമായ ജീവിതശൈലീരോഗങ്ങള്‍ മൂലമുള്ള ശാരീരിക ക്ലേശങ്ങള്‍ കേരളത്തില്‍ കൂടിവരുന്നതായും കണ്ടെത്തിയിട്ടുണ്ട്. രക്താതിമര്‍ദം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഏറ്റവുമധികം കാണപ്പെടുന്നത് കേരളത്തിലാണ്. സാംക്രമികേതര രോഗങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്.
ആര്‍ത്രൈറ്റിസ്, രക്താതിമര്‍ദം, തിമിരം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, തളര്‍വാതം, വിഷാദം, മറവിരോഗം, മസ്തിഷ്‌കാഘാതം, അല്‍ഷിമേഴ്‌സ്, അര്‍ബുദം എന്നിങ്ങനെ12 സാംക്രമികേതര രോഗങ്ങളാണ് പരിഗണിച്ചത്.
ഇവയില്‍ രണ്ടെണ്ണമെങ്കിലും ഒരുമിച്ച് ഒരേ വ്യക്തിയില്‍ കണ്ടുവരുന്നതിനെയാണ് മള്‍ട്ടി മോര്‍ബിഡിറ്റിയായി വിലയിരുത്തിയത്. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ്, കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സെന്റര്‍ ഫോര്‍ പബ്ലിക് ഹെല്‍ത്ത് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.
നിയന്ത്രണ ഇടപെടലുകളിലൂടെ പുകയില മൂലമുള്ള മള്‍ട്ടി മോര്‍ബിഡിറ്റി തടയാനാകുമെന്ന് പഠനത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും അച്യുതമേനോന്‍ സെന്ററിലെ പ്രൊഫസറുമായ ഡോ. കെ.ആര്‍ തങ്കപ്പന്‍ പറഞ്ഞു. പുകയില നിയന്ത്രണത്തിലൂടെ കേരളത്തില്‍ സാംക്രമികേതര രോഗങ്ങള്‍ സൃഷ്ടിക്കുന്ന ഭൗതിക, സാമ്പത്തിക ക്ലേശങ്ങള്‍ വലിയൊരളവുവരെ കുറയ്ക്കാന്‍ സാധിക്കും.
പുകയില രോഗങ്ങളുടെ സാമ്പത്തിക ബാധ്യത പ്രതിവര്‍ഷം കേരളത്തില്‍ 1,514 കോടി രൂപയാണ്. ലഭ്യതയും ആവശ്യവും കുറയ്ക്കുന്നത് നയചര്‍ച്ചകള്‍ക്ക് വിഷയമാക്കുന്നതും ചെറുപ്പക്കാര്‍ പുകയില ഉപയോഗം ആരംഭിക്കുന്നത് തടയാന്‍ നിയമനിര്‍വഹണം ശക്തമാക്കുന്നതും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവയാണ് പഠനത്തില്‍ ഉള്‍പെടുത്തിയ മറ്റു സംസ്ഥാനങ്ങള്‍. ഓരോ സംസ്ഥാനത്തില്‍ നിന്നും മുതിര്‍ന്ന പൗരര്‍ അടങ്ങുന്ന 1,280 വീടുകള്‍ തെരഞ്ഞെടുത്തായിരുന്നു പഠനം. 47 ശതമാനം പുരുഷന്‍മാര്‍ ഉള്‍പെട്ട പഠനത്തില്‍ പങ്കെടുത്തവരുടെ ശരാശരി പ്രായം 68 വയസായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."