മീന്‍മുട്ടിയില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആലോചനയാകുന്നു
കാട്ടാക്കട: മീന്‍മുട്ടി-അഗസ്ത്യമലയുടെ വരദാനമായ ഈ മനോഹര വെള്ളചാട്ടം സഞ്ചാരികള്‍ക്ക് കൗതുകമാകുന്നതിന് പുറമേ ഊര്‍ജ്ജദായിനിയുമാകുന്നു. മീന്‍മുട്ടി വെള്ളചാട്ടത്തെ ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പ്പാദനം നടത്താനുള്ള സാധ്യതകളെ കുറിച്ചുള്ള ആലോചനയിലാണ് സര്‍ക്കാര്‍. അഗസ്ത്യ കൂടത്തിലെ നാച്ചിമുടിയില്‍ നിന്ന് ഉത്ഭവിക്കുന്ന നെയ്യാര്‍ ഏഴ് മലമുടികളും താണ്ടിയെത്തി മീന്‍മുട്ടിയില്‍ നയനാനന്ദകരമായ ജലപാത ഒരുക്കുകയാണ്.
കൂറ്റന്‍ പാറമുകളില്‍ തങ്ങി മൂന്ന് തട്ടുകളിലായി ഒഴുകി താഴേയ്ക്ക് പതിക്കുന്ന മീന്‍മുട്ടിയില്‍ ഏതുസമയത്തും ജലമുണ്ടാകും. 170-അടി പൊക്കമുള്ള മീന്‍മുട്ടിയില്‍ ഏതു സമയത്തും വന്യമ്യഗങ്ങള്‍ മേഞ്ഞ് നടക്കുന്നതും കാണാം. അതുകൊണ്ട് തന്നെ ജൈവവൈവിധ്യമേഖല എന്നു വിശേഷിപ്പിക്കാവുന്ന നെയ്യാര്‍ വന്യജീവിസങ്കേതത്തിലെ മീന്‍മുട്ടി കാടുകള്‍ കാണാതെ സഞ്ചാരികള്‍ പോകാറില്ല. ജലത്തിന്റെ അളവ് ഒട്ടും കുറയാത്ത ഈ വെള്ളചാട്ടത്തിന്റെ ഊര്‍ജ്ജ ഉറവിടം കണ്ടെത്തിയത് 1965-ല്‍ കുറെ ജര്‍മ്മന്‍ ശാസ്ത്രജ്ഞരാണ്. അഗസ്ത്യകൂട സന്ദര്‍ശനത്തിന് വന്ന ഈ ഗവേഷകസംഘമാണ് ഇവിടെ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ആദ്യ നിര്‍ദ്ദേശം അന്നത്തെ വൈദ്യുതി ബോര്‍ഡിന് സമര്‍പ്പിച്ചത്. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി നെയ്യാര്‍ഡാമിനും അന്ന് കറണ്ട് ഇല്ലാത്ത ഗ്രാമങ്ങള്‍ക്കും ആദിവാസി ഊരുകള്‍ക്കും നല്‍കാമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അന്ന് വൈദ്യുതി കമ്മി ഇല്ലാഞ്ഞതിനാല്‍ നിര്‍ദ്ദേശം പാടെ തള്ളി. പിന്നീട് സമീപ പഞ്ചായത്തുകളും നാട്ടുകാരും ആവശ്യം ഉന്നയിച്ചു. സാധ്യതാ പഠനത്തിനായി സംഘത്തെയും നിയോഗിച്ചു. എന്നാല്‍ അവരുടെ റിപ്പോര്‍ട്ടിനും നടപടിയായില്ല.
പിന്നീട് അനെര്‍ട്ടാണ് രംഗത്തുവന്നത്. ആദിവാസി ഊരുകള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ കഴിയുന്ന ഒരു പദ്ധതിയായി കണ്ടാണ് അനെര്‍ട്ട് പഠനങ്ങള്‍ നടത്തിയത്. അനെര്‍ട്ടിലെ ഉള്‍പ്പോര് കാരണം ആ നീക്കവും ഫലവത്തായില്ല.
ഇപ്പോള്‍ വൈദ്യുതി ബോര്‍ഡിനു മുന്നിലാണ് പുതിയ നീക്കം എത്തിയിരിക്കുന്നത്. വനത്തിന് ഒരു കേടും സംഭവിക്കാതെ ഈ ചെറുകിട ജല വൈദ്യുതപദ്ധതി സ്ഥാപിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അണക്കെട്ട് ഇല്ലാത്തതിനാല്‍ വനം നശിക്കില്ല. ലോഹെഡ് ജനറേറ്റര്‍ സ്ഥാപിച്ച് ഉല്‍പ്പാദനം നടത്താമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വെട്ടമില്ലാത്ത 25ഓളം ആദിവാസി ഊരുകള്‍ക്ക് വെളിച്ചം എത്തിക്കുന്നതിന് പുറമേ കള്ളിക്കാട്, കുറ്റിച്ചല്‍, അമ്പൂരി പഞ്ചായത്തുകള്‍ക്കും ഗുണകരമാകുന്ന ഒന്നാണ് ഇതെന്നും പഠനം പറയുന്നു.
ഗതാഗത സൗകര്യത്തിനായി ഇവിടെ റോഡ് നിര്‍മിക്കേണ്ടതില്ല. ജീപ്പ് റോഡ് നിലവില്‍ ഉള്ളതിനാല്‍ വനത്തിന് കേട്പാട് ഉണ്ടാകില്ല. വന്യജീവി സങ്കേതമായതിനാല്‍ കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി വേണം. ആ നിയമത്തിന് അനുസൃതമായ പദ്ധതി ചിട്ടപ്പെടുത്തലുകള്‍ നടന്നുവരികയാണ്. മാത്രമല്ല ഗിരിവര്‍ഗക്കാര്‍ക്ക് പ്രയോജനപ്പെടുമെന്നതിനാല്‍ കേന്ദ്ര ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായം തേടാനും ശ്രമം തുടങ്ങിയിട്ടുണ്ട്. കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ പുതുതായി നടപ്പിലാക്കുന്ന 100 കോടി പദ്ധതിയുടെ ഭാഗമായി വൈദ്യുതി വേണ്ടതിനാല്‍ ഇത് ഉപയോഗിക്കാനും നീക്കം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."