ട്രംപും മെര്‍ക്കലും കൂടിക്കാഴ്ച നടത്തി
വാഷിങ്ടണ്‍: കടുത്ത അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കെ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെലാ മെര്‍ക്കല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ലോകമാധ്യമങ്ങള്‍ ഏറെ ശ്രദ്ധാപൂര്‍വം വീക്ഷിച്ച കൂടിക്കാഴ്ച നടന്നത്.
ട്രംപിന്റെ കുടിയേറ്റ, വ്യാപാര നയങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചിരുന്ന മെര്‍ക്കലിന് വൈറ്റ് ഹൗസില്‍ വന്‍ സ്വീകരണമാണു ലഭിച്ചത്. ഓവല്‍ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപും മെര്‍ക്കലും സംയുക്ത വാര്‍ത്താസമ്മേളനവും നടത്തി.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മെര്‍ക്കലിനെതിരേ ട്രംപും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിച്ച ജര്‍മന്‍ നടപടിക്കെതിരേയായിരുന്നു ട്രംപിന്റെ പ്രധാന വിമര്‍ശനം.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 30 മിനിറ്റ് നീണ്ടുനിന്നു. ഐ.എസിനെതിരേയുള്ള പോരാട്ടം, നാറ്റോ സഖ്യ ശാക്തീകരണം, റഷ്യയുമായുള്ള ഉക്രൈനിന്റെ സംഘട്ടനത്തിനു പരിഹാരം തുടങ്ങിയ വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയായത്. എന്നാല്‍, വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും അഭിപ്രായ ഭിന്നതകളും തുറന്നുപ്രകടിപ്പിച്ചു.
ഒരാളെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ടിരിക്കുന്നതിനു പകരം അയാളോട് നേരിട്ടുസംസാരിക്കുന്നതാണ് നല്ലതെന്നു പറഞ്ഞാണ് മെര്‍ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരം ആരംഭിച്ചത്. തുടര്‍ന്ന് ഫെഡറല്‍ കോടതികള്‍ സ്റ്റേ ചെയ്ത യാത്രാവിലക്കിനെ പ്രതിരോധിച്ച് ട്രംപ് സംസാരിച്ചു. തീവ്ര ഇസ്ലാമിക ഭീകരവാദത്തില്‍നിന്ന് സ്വയം സംരക്ഷണമൊരുക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട്. കുടിയേറ്റം ഔദാര്യമാണ്.
അത് ആരുടെയും അവകാശമല്ല. പൗരന്മാരുടെ സുരക്ഷയ്ക്കാണ് എല്ലായ്പ്പോഴും മുന്‍ഗണനയെന്നും ട്രംപ് വ്യക്തമാക്കി. ഒബാമ തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന വാദം ട്രംപ് വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചു.പരസ്പരം അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളും തങ്ങള്‍ ചര്‍ച്ച ചെയ്തെന്നും ഇരുവിഭാഗങ്ങള്‍ക്കും നന്മയുള്ള കാര്യത്തില്‍ പരസ്പരം രഞ്ജിപ്പിലെത്താന്‍ ശ്രമിക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."