വയനാട് റെയില്‍വേ: ജനങ്ങളെ ത്രിശങ്കുവിലാക്കി ജനപ്രതിനിധികള്‍
കല്‍പ്പറ്റ: കര്‍ണാടകയിലെ നഞ്ചങ്കോടിനെ ബത്തേരി വഴി നിലമ്പൂരുമായി ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട റെയില്‍പാതയുമായി ബന്ധപ്പെടുത്തി ജനപ്രതിനിധികള്‍ വയനാടന്‍ ജനതയെ ത്രിശങ്കുവിലാക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ബത്തേരി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ദിഷ്ട പാതയുടെ സര്‍വേ ഡി.എം.ആര്‍.സിയെ എല്‍പ്പിച്ചതായി സിറ്റിങ് എം.എല്‍.എയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഐ.സി.ബാലകൃഷ്ണന്‍ പ്രചാരണം നടത്തിയിരുന്നു. വയനാട് റെയില്‍വേ 'യാഥാര്‍ഥ്യമാക്കിയ' എം.എല്‍.എയെ അഭിനന്ദിക്കുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ ബത്തേരി, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെടുകയുമുണ്ടായി. എം.എല്‍.എ തീവണ്ടിക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രം സഹിതമായിരുന്നു ബോര്‍ഡുകള്‍. എന്നിരിക്കേ നിര്‍ദിഷ്ട പാതയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിനും അന്തിമ സ്ഥലനിര്‍ണയ സര്‍വേ നടത്തുന്നതിനും ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കയാണ് ലോക്‌സഭയില്‍ വയനാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസ്.
കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പിലൂടെയാണ് എം.പി ഈ ആവശ്യം ഉന്നയിച്ചത്. ഇതോടെ സര്‍വേ ചുമതല ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ചോ ഇല്ലയോ എന്ന സന്ദേഹത്തിലായിരിക്കയാണ് വയനാട്ടിലൂടെ തീവണ്ടിയോടുന്നതും കാത്തിരിക്കുന്നവര്‍. സര്‍വേ വിഷയത്തില്‍ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നാണ് വയനാട്ടില്‍ തീവണ്ടിയുടെ ചൂളം വിളി കേള്‍ക്കാന്‍ കൊതിക്കുന്നവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. നഞ്ചങ്കോട്-ബത്തേരി-നിലമ്പൂര്‍ റെയില്‍പാത നിര്‍മാണ ചെലവിന്റെ പകുതി വഹിക്കാമെന്ന് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിച്ചിരുന്നു. പ്രാരംഭവിഹിതമായി 2014-15 ലെ ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തുകയുമുണ്ടായി. പിന്നാലെ പാത യാഥാര്‍ഥ്യമാക്കുന്നതിനായി സംയുക്ത കമ്പനി രൂപീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016-17ലെ റെയില്‍വേ ബജറ്റില്‍ നിര്‍ദിഷ്ട പാതയ്ക്ക് 236 കിലോമീറ്റര്‍ ദൂരവും 6000 കോടി രൂപ നിര്‍മാണ ചെലവും കണക്കാക്കി ബജറ്റിതര ഫണ്ട് വിഭാഗത്തില്‍ കേന്ദ്രാനുമതിയും ലഭിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതുപ്രകാരം പഠനം നടത്തിയ ഡി.എം.ആര്‍.സി മേധാവി ഡോ. ഇ ശ്രീധരന്‍ നഞ്ചങ്കോട്-നിലമ്പൂര്‍ റെയില്‍വേയ്ക്ക് 156 കി.മി ദൂരവും വൈദ്യുതീകരണം അടക്കം 3500 കോടി രൂപ ചെലവും വരുന്ന അലൈന്‍മെന്റാണ് നിശ്ചയിച്ചത്.
കമ്പനി രൂപീകരിച്ച് പാത നിര്‍മിക്കാന്‍ അന്തിമ സ്ഥലനിര്‍ണയ സര്‍വേ നടത്തണം. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കണം. ഇതിനായി ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്താനും ചെലവിനത്തില്‍ എട്ട് കോടി രൂപ അനുവദിക്കാനും മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തെരരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഉത്തരവ് പുറപ്പെടുവിച്ച് പണം കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനു സാധിച്ചില്ലെന്ന് എം.പിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. കമ്പനി രൂപീകരണം നടന്നാല്‍ നിക്ഷേപകരെ കണ്ടെത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കാര്യമായ സാമ്പത്തിക ബാധ്യത വരാതെ പദ്ധതി നടപ്പാക്കാനും കാലതാമസമൊഴിവാക്കാനും സാധിക്കും.
കമ്പനി രൂപീകരണ നടപടികള്‍ പൂര്‍ത്തിയായാല്‍ കേരളത്തിന് അനുവദിച്ച റെയില്‍ പദ്ധതികള്‍ അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ഈയിടെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ കമ്പനി രൂപീകരണ നടപടികളും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കാനുള്ള നീക്കങ്ങളും സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് എം.പി കുറ്റപ്പെടുത്തുകയാണ്. എതായാലും ജനപ്രതിനിധികളുടെ ഈ പ്രസ്താവനകള്‍ ജനങ്ങളെയാണ് ത്രിശങ്കുവിലാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."