ഉനൈസിന്റെ ബന്ധുക്കളില്‍ നിന്ന് പൊലിസ് തെളിവെടുത്തു
തലശ്ശേരി: മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്നു മരിച്ചുവെന്ന് ആരോപണമുയര്‍ന്ന യുവാവിന്റെ വീട്ടില്‍ ഐ.ജി തെളിവെടുപ്പിനെത്തി. എടക്കാട് അരച്ചെങ്ക സ്വദേശി ഉനൈസിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാര്‍ എത്തി ബന്ധുക്കളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണസംഘത്തിലെ അംഗമായ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന്‍ തലശ്ശേരി റസ്റ്റ് ഹൗസിലെത്തി ഉനൈസിന്റെ ബന്ധുക്കളില്‍ നിന്ന് വിശദമായമൊഴിയും രേഖപ്പെടുത്തി.
കസ്റ്റഡിയില്‍ മരിച്ച ഉനൈസിന്റെ മാതാവ് സക്കീന, സഹോദരന്‍ നവാസ്, ബന്ധുവായ സാദിഖ് എന്നിവരാണു തലശ്ശേരി റസ്റ്റ് ഹൗസിലെത്തി മൊഴിനല്‍കിയത്. മണിക്കൂറുകളോളം അന്വേഷണ ഉദ്യോഗസ്ഥന്‍ ഉനൈസിന്റെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. എടക്കാട് സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ പുരുഷുവിന്റെ നേതൃത്വത്തില്‍ ഏഴു പൊലിസുകാര്‍ ഉനൈസിനെ മര്‍ദിച്ചതായും ഇതേതുടര്‍ന്നു മകനു നടക്കാന്‍പോലും കഴിയാത അവസ്ഥ ഉണ്ടാവുകയും രക്തം ഛര്‍ദിക്കുകയും ചെയ്തതായും മാതാവ് സക്കീന മൊഴിനല്‍കി.
ഭാര്യാപിതാവിന്റെ പരാതിയില്‍ കഴിഞ്ഞ ഫെബ്രുവരി 21ന് എടക്കാട് പൊലിസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ ഉനൈസിനെ തെറ്റുചെയ്തിട്ടില്ലെന്നു മനസിലാക്കിയതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. ഭാര്യാപിതാവിന്റെ സ്‌കൂട്ടര്‍ കത്തിച്ചെന്ന പരാതിയില്‍ അടുത്തദിവസം രാവിലെ വീണ്ടും നാലു പൊലിസുകാര്‍ വീട്ടിലെത്തി ഉനൈസിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പൊലിസ് മര്‍ദനത്തില്‍ അവശനായ ഉനൈസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ ചികിത്സിച്ച ഡോക്ടര്‍മാരോടു പൊലിസ് മര്‍ദനം നടന്ന കാര്യം പറഞ്ഞതായും സഹോദരന്‍ നവാസ് ഡിവൈ.എസ്.പി മുന്‍പാകെ മൊഴി നല്‍കി.
പിണറായിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഉനൈസിനെ ഈമാസം രണ്ടിനാണു വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിലെ ദുരൂഹതയെ കുറിച്ച് അറിയിച്ചെങ്കിലും എടക്കാട് പൊലിസ് ഗൗരവമായി എടുത്തില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെയാണു മരിച്ച ഉനൈസിന്റെ ഡയറിയില്‍ സൂക്ഷിച്ച കത്ത് ബന്ധുക്കള്‍ക്കു ലഭിച്ചത്. പൊലിസ് തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് എഴുതിവച്ച കത്തില്‍ എടക്കാട് അഡീഷനല്‍ എസ്.ഐ പുരുഷു ഉള്‍പ്പെടെ ഏഴു പൊലിസുകാര്‍ക്കെതിരേയായിരുന്നു പരാതി.
മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ ചൊവ്വാഴ്ച ഉനൈസിന്റെ വീട്ടിലെത്തി ബന്ധുക്കളില്‍ നിന്ന് വിവരം ശേഖരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."