പീഡനക്കേസ്: ഉണ്ണി മുകുന്ദന് ജൂണ്‍ അഞ്ചിന് ഹാജരാകണം
കൊച്ചി: പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കോട്ടയം സ്വദേശിനിയുടെ പരാതിയില്‍ നടന് ഉണ്ണി മുകുന്ദന് നേരിട്ട് ഹാജരാകണമെന്ന് കോടതി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജൂണ്‍ അഞ്ചിന് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടത്. കേസില്‍ ഉണ്ണിമുകുന്ദന് നല്കിയ വിടുതല്‍ ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. നേരത്തെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി രണ്ട് സാക്ഷികളേയും വിസ്തരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതിക്കെതിരേ ഉണ്ണി മുകുന്ദനും പരാതി നല്‍കിയത്.
2017 ഓഗസ്റ്റ് 23ന് സിനിമയുടെ കഥ പറയാനായി ക്ഷണിച്ചതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദന്റെ ഫഌറ്റില്‍ എത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന് ശ്രമിക്കുന്നുവെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാദം. കേസില്‍ ഉണ്ണി മുകുന്ദന് ഇപ്പോള്‍ ജാമ്യത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."