സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും രുചിയറിഞ്ഞ നോമ്പ്
കോഴിക്കോട്: എന്റെ കുട്ടിക്കാലത്ത് ഇന്നത്തേതുപോലെ ആഘോഷമായുള്ള നോമ്പുതുറയോ പെരുന്നാളാഘോഷങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. നോമ്പെടുക്കുന്നവര്‍ നോമ്പ് തുറക്കുന്ന പതിവുമാത്രമാണ് ഉണ്ടായിരുന്നത്. അയല്‍ക്കാരെയോ ബന്ധുക്കളെയോ ഒന്നും വിളിച്ച് നോമ്പുതുറ നടത്തുന്നവര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.
അതുകൊണ്ടു തന്നെ നോമ്പിന്റെ മഹത്വവും പ്രത്യേകതയുമെല്ലാം ഞാന്‍ കൃത്യമായി മനസിലാക്കുന്നത് ഈയടുത്ത കാലത്താണ്.
നോമ്പുതുറയ്ക്ക് പങ്കെടുക്കുന്നതും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. അന്നൊക്കെ നോമ്പുമായി എനിക്ക് ആകെയുണ്ടായിരുന്നബന്ധം നിരാഹാരം കിടക്കുമ്പോള്‍ എനിക്കുമിന്ന് നോമ്പായിരുന്നുവെന്ന് സുഹൃത്തുക്കളോട് പറയുന്നതു മാത്രമാണ്. പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം പല സുഹൃത്തുക്കളുടെ വീട്ടിലും നോമ്പുതുറക്കാനും പെരുന്നാളിനുമെല്ലാം പോയിട്ടുണ്ട്. എങ്കിലും റമദാനടുക്കുമ്പോള്‍ മനസിലേക്കോടിയെത്തുക മരിച്ചു പോയ കോണ്‍ഗ്രസ് നേതാവ് കെ. സാദിരിക്കോയയുടെ മുഖമാണ്. എതിര്‍ ചേരിയിലായിരുന്നിട്ടും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്നവരായിട്ടും അദ്ദേഹം എന്നോടു കാണിച്ച സ്‌നേഹവും ബഹുമാനവും മമതയുമെല്ലാം പലപ്പോഴും എന്നെ അമ്പരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല എല്ലാ വര്‍ഷവും അദ്ദേഹമെന്നെ വീട്ടിലേക്ക് ക്ഷണിക്കും. എത്ര വൈകിയാലും ഞാന്‍ എത്താതെ അദ്ദേഹം ഭക്ഷണം കഴിക്കില്ല. അതുകൊണ്ടു തന്നെ മറ്റെവിടെപ്പോയില്ലെങ്കിലും അദ്ദേഹത്തിനരികില്‍ എല്ലാ തവണയും ഞാന്‍ പോകാറുണ്ടായിരുന്നു.
അദ്ദേഹം മരിക്കുന്നത് വരെ ആ പതിവ് തുടര്‍ന്നു. യഥാര്‍ഥത്തില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും നോമ്പ് അനുഭവമാണ് അദ്ദേഹം എനിക്ക് സമ്മാനിച്ചത്. മനക്കട്ടിയുടെയും ശക്തിയുടെയും ത്യാഗത്തിന്റേയും പ്രതീകമായ നോമ്പ് സ്‌നേഹത്തിന്റേതു കൂടിയായി മാറട്ടെയെന്ന് ആശംസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."