സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള അധികാരം കന്യാസ്ത്രീകള്‍ക്ക് നല്‍കാനാവശ്യപ്പെട്ട് സത്യഗ്രഹം
കൊച്ചി: സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള അധികാരം കന്യാസ്ത്രീകള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ സത്യഗ്രഹം നടത്തി. നിലവിലെ സാഹചര്യത്തില്‍ പുരോഹിതര്‍ക്ക് സ്ത്രീകളെ കുമ്പസാരിപ്പിക്കുന്നതിന് ധാര്‍മികത നഷ്ടമായിരിക്കുകയാണെന്ന് കെ.സി.ആര്.എം നിയമോപദേശക അഡ്വ. ഇന്ദുലേഖ ജോസഫ് പറഞ്ഞു. കത്തോലിക്ക പുരോഹിതര്‍ സ്ത്രീപീഡനങ്ങളില്പ്പെടുന്നത് വര്‍ധിക്കുകയാണ്.
ഇരയുടെ ദൗര്‍ബല്യങ്ങളും മാനസികാവസ്ഥയും മനസിലാക്കിയെടുക്കാനും ഇത് ദുരുപയോഗം ചെയ്യാനുമുള്ള സൗകര്യമാണ് ക്രിമിനലായ ഒരു പുരോഹിതന് കുമ്പസാര പ്രക്രിയയിലൂടെ ലഭിക്കുന്നതെന്ന് അഡ്വ. ഇന്ദുലേഖ ജോസഫ് ആരോപിച്ചു. സ്ത്രീകളുടെ കുമ്പസാരം നിര്‍വഹിക്കാന്‍ കന്യാസ്ത്രീകളെ ഏല്‍പ്പിക്കുന്നതിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കെ.സി.ആര്.എം നോട്ടിസ് നല്‍കിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ബൈബിള്‍ പാരായണം ചെയ്ത് സൂചനാ സത്യഗ്രഹം നടത്തിയത്. ആവശ്യം സഭ നിരാകരിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വനിതാ കമ്മിഷനെ സമീപിക്കുമെന്നും വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. രാവിലെ 11ന് ആരംഭിച്ച സത്യഗ്രഹം സത്യജ്വാല എഡിറ്റര്‍ ജോര്‍ജ് മൂലേചാലില്‍ ഉദ്ഘാടം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."