എറണാകുളം സൗത്ത് ഓട്ടോ സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ഓാട്ടോ സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. പത്ത് പേരെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. പ്രത്യേക പെര്‍മിറ്റ് എടുത്ത ഓട്ടോക്കാര്‍ക്ക് മാത്രമാണ് ഇന്നലെ മുതല്‍ സ്റ്റേഷനിലെ പ്രീപെയിഡ് കൗണ്ടറില്‍ നിന്ന് ഓടുവാന്‍ അനുമതി നല്‍കിയത്. അപേക്ഷ നല്‍കിയ 103 ഓട്ടോകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയും ചെയ്തു. ഇവര്‍ ഇന്നലെ രാവിലെ ഓടാനെത്തിയെങ്കിലും പെര്‍മിറ്റ് എടുക്കുവാന്‍ കൂട്ടാക്കാത്ത മറ്റ് ഓട്ടോറിക്ഷക്കാര്‍ ഇവര തടയുകയും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്തു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ചിലര്‍ റെയില്‍വേ സ്റ്റേഷനിലുള്ളില്‍ കയറി പ്രശ്‌നം സൃഷ്ടിച്ചതോടെ റെയില്‍വേ പൊലിസും വിഷയത്തില്‍ ഇടപ്പെട്ടു. ചിലര്‍ക്കെതിരെ റെയില്‍വേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതും തര്‍ക്കത്തിനിടയാക്കി. പിന്നീട് പെര്‍മിറ്റ് എടുക്കാത്ത ഓട്ടോറിക്ഷക്കാര്‍ സ്റ്റേഷന് വെളിയില്‍ താല്‍ക്കാലിക ഓട്ടോ സ്റ്റാന്റുണ്ടാക്കി യാത്രക്കാരെ കയറ്റിക്കൊണ്ടു പോവുകയും ചെയ്തു.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയതിന്റെ തുടര്‍ച്ചയായാണു സൗത്തിലും പെര്‍മിറ്റ് ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചത്. പൊലിസ് വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് പെര്‍മിറ്റിന് നിര്‍ബന്ധമാക്കിയതോടെ തുടക്കം മുതല്‍ ചില ഓട്ടോറിക്ഷക്കാര്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുളളവര്‍ക്കു വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് റെയില്‍വേ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ കേസില്‍ പ്രതികളായ പലരും നഗരത്തില്‍ ഒട്ടോ ഒടിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കു പൊലിസ് വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ നന്നേ പാടാണ്.
ഇന്നലെ പെര്‍മിറ്റുള്ള വാഹനങ്ങള്‍ തടഞ്ഞതോടെ നോര്‍ത്ത് സ്റ്റാന്‍ഡിലെ 220 പെര്‍മിറ്റുള്ള ഒട്ടോകള്‍ക്കും സൗത്തില്‍ കൂടി ഓടാന്‍ റെയില്‍വേ താല്‍ക്കാലിക അനുമതി നല്‍കിയിട്ടുണ്ട്. സര്‍വീസിനെത്തിയ ഇവരെയും തടഞ്ഞതായാണ് വിവരം. അറസ്റ്റ് ചെയ്ത പത്ത് ഡ്രൈവര്‍മാരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. യാത്രക്കാര്‍ക്കു സുരക്ഷിതമായ യാത്ര ഉറപ്പു വരുത്താനാണ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
രണ്ടു മാസത്തേക്കു 495 രൂപയാണു പെര്‍മിറ്റ് എടുക്കേണ്ടവര്‍ റെയില്‍വേയ്ക്ക് നല്‍കേണ്ടത്. 15ന് വൈകിട്ട് വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. എന്നാല്‍ പ്രീപെയ്ഡ് സംവിധാനത്തില്‍ സ്ഥിരമായി സര്‍വീസ് നടത്തിയ ചില ഒട്ടോക്കാര്‍ തുടക്കം മുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ തവണ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയിലും പെര്‍മിറ്റ് സംവിധാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇക്കൂട്ടരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."