ലിംഗവിവേചനം ഭാഷയിലും നിലനില്‍ക്കുന്നു: ഡോ. പി.എസ് ശ്രീകല
കോവളം: സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനം ഭാഷയിലും നിലനില്‍ക്കുന്നുണ്ടെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല. കേരളാ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കോവളത്ത് സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ബാലസാഹിത്യ രചനാക്യാംപില്‍ 'ലിംഗസമത്വം ഭാഷയിലും സാഹിത്യത്തിലും' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശ്രീകല. ലിംഗവിവേചനം പ്രോത്സാഹിപ്പിക്കുന്ന ഒന്നും ബാലസാഹിത്യത്തില്‍ ഉണ്ടാവരുതെന്നും നമ്മളറിയാതെ നമ്മില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ലിംഗവിവേചനബോധത്തെ എഴുത്തില്‍നിന്നും ബോധപൂര്‍വം ഒഴിവാക്കാനുള്ള ശ്രമം ഉണ്ടാവേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
സാങ്കേതിവിദ്യ എഴുത്തിനെ നിര്‍ണയിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്നും ഇ-ബുക്കുകളുടെ സാധ്യതയെ ബാലസാഹിത്യം പ്രയോജനപ്പെടുത്തണമെന്നും ഇന്ന് എഴുതപ്പെടുന്ന മിക്ക ബാലസാഹിത്യകൃതികളും കുട്ടികളുമായി സംവദിക്കുന്നില്ലെന്നും തുടര്‍ന്ന് സംസാരിച്ച ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും എഴുത്തുകാരനുമായ റൂബിന്‍ ഡിക്രൂസ് പറഞ്ഞു. ഏഴു ജില്ലകളില്‍ നിന്നായി അമ്പതോളം ബാലസാഹിത്യ എഴുത്തുകാരാണ് ക്യാംപില്‍ പങ്കെടുത്തത്. വടക്കന്‍ ജില്ലയിലുള്ളവര്‍ക്കായുള്ള ക്യാംപ് കണ്ണൂരിലെ പയ്യന്നൂരില്‍ മാര്‍ച്ച് 24 മുതല്‍ 26വരെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."