റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ്: പ്രതി പിടിയില്‍
ആറ്റിങ്ങല്‍: റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ മറവില്‍ കോടികള്‍ തട്ടിച്ച് മുങ്ങിയായളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. വാളക്കാട് പള്ളിക്കുന്നില്‍ വീട്ടില്‍ നിസാമുദ്ദീനാ(42)ണ് പിടിയിലായത്.
ആറ്റിങ്ങലിനു സമീപം വാളക്കാട് താമസിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിവന്നിരുന്ന ഇയാള്‍ വന്‍ തുക ലാഭം വാഗ്ദാനം ചെയ്താണ് കോടികള്‍ തട്ടിയെടുത്തത്. പത്തു ലക്ഷം രൂപ നല്‍കുന്ന ആള്‍ക്ക് പത്തു ദിവസത്തിനകം രണ്ടു ലക്ഷം രൂപ ലാഭമായി നല്‍കുമെന്നായിരുന്നു വാഗ്ദാനം. നിരവധിപേര്‍ പുരയിടംപോലും പണയപ്പെടുത്തി പണം നല്‍കി. കുറേനാള്‍ കഴിഞ്ഞപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് മതിയാക്കി പനവൂരില്‍ ജ്വവല്ലറി ആരംഭിച്ചു. ഇതിനായും വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് പണം വാങ്ങി. ഇതിനിടയില്‍ ജുവലറിയും പൂട്ടി ഇടപാടുകാരെ വെട്ടിച്ച് ഇയാള്‍ ഭാര്യയും മൂന്നു മക്കളുമൊത്ത് ബാംഗ്‌ളൂരിലേയ്ക്ക് മുങ്ങി. ഇതോടെയാണ് പണം കൊടുത്തവര്‍ പരാതിയുമായി രംഗത്തെത്തിയത്.
28 പേരാണ് അന്ന് പരാതിയുമായി ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വാളക്കാട്, കടയ്ക്കല്‍, കായംകുളം, കരുനാഗപ്പള്ളി, നെടുമങ്ങാട് എന്നിവിടങ്ങളില്‍ ഉള്ളവരില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. ഇവരില്‍ നിന്നു 19 കോടി രൂപ ഇയാള്‍ തട്ടിയെടുത്തതായാണ് കണക്ക്.
ആറ്റിങ്ങല്‍ പൊലിസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. തുടര്‍ന്ന് പണം നഷ്ടപ്പെട്ടവര്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി. ഇതേതുടര്‍ന്ന് കേസ് ഡിസ്ട്രിക്ട് ക്രൈംറെക്കോര്‍ഡ്‌സ് ബ്രൂറോയ്ക്ക് കൈമാറി.ഈ വര്‍ഷം ജനുവരി 3നാണ് ഇവര്‍ അന്വേഷണം
ആരംഭിച്ചത്. ബാംഗ്‌ളൂരില്‍ ഒളിവിലായിരുന്ന നിസാമുദ്ദീനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.
ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ടി.അജിത്കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ദിലീപ്, പൊലിസുകാരനായ അജിത് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."