ഇക്കോ ടൂറിസം തൊഴിലാളികള്‍ സമരത്തിലേക്ക് 22ന് ഡി.എഫ്.ഒയുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച്
കല്‍പ്പറ്റ: വയനാട്ടില്‍ സൗത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തൊഴിലാളികള്‍ സമരത്തിലേക്ക്.
കുറുവ, സൂചിപ്പാറ, മീന്മുട്ടി, ചെമ്പ്ര ടൂറിസം കേന്ദ്രങ്ങളിലെ തൊഴിലാളികളാണ് ഹെഡ്ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ പ്രക്ഷോഭത്തിനു ഒരുങ്ങുന്നത്.
ജോലി സ്ഥിരത ഉറപ്പുവരുത്തുക, ദിനവേതനം വര്‍ധിപ്പിക്കുക, ജോലി സമയം എട്ട് മണിക്കൂറാക്കുക, വര്‍ഷത്തില്‍ മുഴുവന്‍ മാസങ്ങളിലും തൊഴില്‍ ചെയ്യാന്‍ അവസരം ഒരുക്കുക, കാഷ്വല്‍ ലീവ് അനുവദിക്കുക, ഇ.പി.എഫും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി.വി ബേബി, ഹെഡ്ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് പി.വി സഹദേവന്, കണ്‍വീനര്‍ കെ.വി രാജു, പി.കെ അബു, എം സെയ്ത്, മനു സൂചിപ്പാറ, ഷിബു കുറുവ ദ്വീപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രക്ഷോഭ പരമ്പരയുടെ ഭാഗമായി 22ന് തൊഴിലാളികളും കുടുംബാംഗങ്ങളും സൗത്ത് വയനാട് ഡി.എഫ്.ഒയുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തുമെന്നും അവര്‍ അറിയിച്ചു.
കുറുവ ഇക്കോ ടൂറിസം പ്രൊജക്ടില്‍ 39ഉം സൂചിപ്പാറയില്‍ 44ഉം ചെമ്പ്രയില്‍ 15ഉം വാരാമ്പറ്റ മീന്മുട്ടിയില് 20ഉം തൊഴിലാളികളുണ്ട്. 400 രൂപയാണ് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ ജോലി ചെയ്യുന്ന ഇവരുടെ പരമാവധി കൂലി. സ്ത്രീ തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ചൂഷണമാണ് നേരിടുന്നത്.
തൊഴിലാളികള്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നോട്ടീസ് നല്‍കിയിട്ടും സമരം ചെയ്തിട്ടും വനം അധികൃതര്‍ക്ക് പ്രതികരണമില്ലെന്ന് യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ജില്ലയിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരസാധ്യതകള്‍ കാര്യക്ഷമായി ഉപയോഗപ്പെടുത്തുന്നത് കുറഞ്ഞത് 500 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്നതിനു ഉതകുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."