റമദാന്‍ സമ്മാനമായി ക്രൈസ്തവ വിശ്വാസിയായ മലയാളി യുവാവ് നല്‍കിയത് മുസ്‌ലിം പള്ളി
പ്രവാസനാട്ടില്‍ നിന്നും ഇതാ മലയാളിയുടെ ആ മതസൗഹൃദത്തിന്റെ ഉത്തമ മാതൃക.ഇദ്ദേഹം റമദാനിൽ തന്റെ തൊഴിലാളികള്‍ക്ക് സമ്മാനമായി നല്‍കിയത് മുസ്‌ലിം പള്ളി തന്നെ.. കായംകുളം സ്വദേശിയായ സജി ചെറിയാനാണ് തൊഴിലാളികള്‍ക്കായി 13 ലക്ഷം ദിര്‍ഹം ചിലവില്‍ പള്ളി പണിത് നല്‍കിയത്. അല്‍ ഹൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഈസ്റ്റ് വില്ലെ റിയല്‍ എസ്റ്റേറ്റ് കോംപ്ലക്‌സിലാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.
2003ല്‍ യു.എ.ഇയിലെത്തിയ സജി ചെറിയാന്‍ ഒരു ബിസിനസുകാരനാണ്. തൊഴിലാളികള്‍ നിസ്‌ക്കരിക്കാനായി ടാക്‌സി വിളിച്ച് പോകുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ഇദ്ദേഹം പള്ളി നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. ഒരേ സമയം 250ഓളം പേര്‍ക്ക് നിസ്‌ക്കരിക്കാനുള്ള സൗകര്യം പള്ളിക്കുള്ളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ 700 പേര്‍ക്ക് പുറത്ത് നിസ്‌ക്കരിക്കാനായി ഇന്റര്‍ലോക്കുകള്‍ വിരിച്ചും സൗകര്യം ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കരിക്കാനായി തൊഴിലാളികള്‍ 20 ദിര്‍ഹം നല്‍കിയാണ് ഫുജൈറയിലേക്കോ മറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കോ പോകുന്നത്. അവര്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത് പള്ളി പണിയാന്‍ തീരുമാനിച്ചത് അതുകൊണ്ടാണെന്നും സജി ചെറിയാന്‍ പറയുന്നു.
ഞാനൊരു ക്രിസ്ത്യന്‍ ആണെന്നറിഞ്ഞപ്പോള്‍ ഔഖാഫ് ഉദ്യോഗസ്ഥര്‍ക്ക് സന്തോഷവും ആശ്ചര്യവും തോന്നി. അവര്‍ എനിക്ക് എല്ലാ പിന്തുണയും നല്‍കി. വൈദ്യുതിയും വെള്ളവും സൗജന്യമായി നല്‍കാന്‍ തയ്യാറായി. സജി പറഞ്ഞു.
എന്നാല്‍ കാര്‍പ്പെറ്റും സൗണ്ട് സിസ്റ്റവും മാത്രമാണ് ഞാന്‍ അവരില്‍ നിന്നും സ്വീകരിച്ചത്. ഇതേകുറിച്ച് കേട്ടറിഞ്ഞ പലരും പണം നല്‍കാന്‍ തയ്യാറായി. എന്നാല്‍ ഞാനതെല്ലാം സ്‌നേഹപൂര്‍വ്വം നിരസിച്ചു. ഈ പള്ളി എന്റെ പണം കൊണ്ട് നിര്‍മ്മിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നുവെന്നും സജി പറയുന്നു. വിശേഷപ്പെട്ട അതിഥികളുടെ സാന്നിദ്ധ്യത്തില്‍ പള്ളി റമദാന്‍ 17ന് വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കും. 'മര്‍യം; ഉമ്മു ഈസ (മര്‍യം, ഈസയുടെ മാതാവ്)' എന്നാണ് പള്ളിക്ക് പേരിട്ടത്. അബുദാബിയില്‍ കഴിഞ്ഞ വര്‍ഷം ഇതേ പേര് ഒരു പള്ളിക്ക് നല്‍കിയിരുന്നു. ഇതര മതക്കാരനായ ഒരാള്‍ യുഎഇയില്‍ നിര്‍മിച്ച ആദ്യത്തെ മുസ്‌ലിം പള്ളി അങ്ങനെ ചരിത്രത്തിലും ഇടംപിടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."