സമാധാന ശ്രമങ്ങള്‍ക്കിടെ സിറിയയില്‍ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടല്‍
ദമസ്‌കസ്: സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെ സിറിയയില്‍ സൈന്യവും വിമതരും തമ്മില്‍ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടല്‍. ദമസ്‌കസിലെ ജോബാറിലാണ് നിരവധി കാലങ്ങള്‍ക്കു ശേഷം വീണ്ടും കനത്ത ഏറ്റമുട്ടലുണ്ടായിരിക്കുന്നത്. വിമതര്‍ കാര്‍ബോംബ് സ്‌ഫോടനവും സര്‍ക്കാര്‍ സൈന്യത്തിനെതിരേ റോക്കറ്റാക്രമണവും നടത്തിയതോടെയാണ് സൈന്യം ശക്തമായി തിരിച്ചടിച്ചത്.
സൈന്യം വിമതകേന്ദ്രങ്ങളിലേക്ക് മുപ്പതോളം വ്യോമാക്രമണമാണ് നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷമാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്.
ജബദ് ഫതഹ് അല്‍ഷാം എന്ന വിമത സംഘടനയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കഴിഞ്ഞ ദിവസം സൈന്യത്തിനു നേരെ ആക്രമണം നടത്തിയത്. മാര്‍ച്ച് 23ന് സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കേയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്.
അതിനാല്‍ ഇപ്പോഴുണ്ടായ ഏറ്റുമുട്ടല്‍ സമാധാന ചര്‍ച്ചകളെ ബാധിച്ചേക്കും. എന്നാല്‍,അലപ്പോ, ഇദ്‌ലിബ് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് റഷ്യയുടെയും അസദ് സൈന്യത്തിന്റെയും നേതൃത്വത്തില്‍ നേരത്തെ തന്നെ വിമത കേന്ദ്രങ്ങളില്‍ വ്യോമാക്രമണങ്ങള്‍ നടത്തുന്നുണ്ട്. അതിപ്പോഴും തുടരുകയാണ്.
അതേസമയം, സിറിയന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് ചൈനീസ് അംബാസിഡര്‍ അറിയിച്ചു. സിറിയയില്‍ അരക്ഷിതാവസ്ഥ നിലനിര്‍ത്താനും സമാധാന ചര്‍ച്ചകള്‍ തകര്‍ക്കാനും ബോധപൂര്‍വമുള്ള ശ്രമമാണോ ഇപ്പോഴത്തെ ആക്രമണത്തിനു പിന്നില്‍ എന്നും സംശയമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."