'പോസ്കോ' ട്വീറ്റ്; ട്രോള്‍മഴയില്‍ കുതിര്‍ന്ന് കുമ്മനം
തിരുവനന്തപുരം: നേതാക്കള്‍ അബദ്ധ പ്രസ്താവനകള്‍ നടത്തുന്നതു പരിശോധിച്ച് തീരുമാനമെടുക്കുമെന്ന പ്രസ്താവനക്കു പിന്നാലെ ഇതേ കുഴിയില്‍ വീണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
സി.പി.എമ്മിനെ വിമര്‍ശിക്കാനായി ചെയ്ത ട്വീറ്റില്‍ തെറ്റുവരുത്തിയാണ് കുമ്മനവും ബി.ജെ.പി നേതാക്കളുടെ അബദ്ധങ്ങളുടെ പട്ടികയിലേക്ക് തന്റെ പേരുകൂടി ചേര്‍ത്തത്. വിഷയം ഏറ്റെടുത്ത സോഷ്യല്‍ മീഡിയ കുമ്മനത്തെ കടന്നാക്രമിച്ച് ആഘോഷമാക്കുകയും ചെയ്തു.
എരമംഗലത്ത് പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞു നോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനു സി.പി.എം നേതാവു പിടിയിലായി എന്ന പത്രവാര്‍ത്തയുടെ കട്ടിങ് ഉള്‍പ്പെടുത്തിയുള്ള ട്വീറ്റാണ് കുമ്മനത്തിനു പാരയായത്. ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട കൂടുതല്‍ സഖാക്കള്‍ പുറത്തുവരുന്നു. കേരളത്തിലെ മറ്റൊരു സി.പി.എം നേതാവുകൂടി 'പോസ്കോ' നിയമപ്രകാരം അറസ്റ്റിലായി എന്നായിരുന്നു കുമ്മനത്തിന്റെ ട്വീറ്റ്.
തുടര്‍ന്ന് പോക്സോ എന്നതിനു പകരം പോസ്കോ എന്ന ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴയായി. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് എന്നത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ ചുമത്തുന്ന വകുപ്പാണ്. ഇതിന്റെ ചുരുക്കരൂപമായി എഴുതുന്ന താണ് പോക്സോ. പിന്നീട് തെറ്റു മനസിലായതോടെ കുമ്മനം ട്വീറ്റ് തിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."