കര്‍' നാടകത്തിലെ എട്ടുകാലി മമ്മൂഞ്ഞിമാര്‍
രാഷ്ട്രീയവത്കരണം വേണ്ട രീതിയില്‍ നടന്നിട്ടില്ലാത്ത ഒരു സംസ്ഥാനമാണ് കര്‍ണാടക. ജാതിമത രാഷ്ട്രീയമാണ് കര്‍ണാടകയില്‍ നിര്‍ണായകമായിട്ടുള്ളത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും സ്ഥിതി മറിച്ചായിരുന്നില്ല. മുന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി കര്‍ണാടകയില്‍ ഇത്തവണ ഫാസിസ വിരുദ്ധ പക്ഷത്ത് 'ഒറ്റക്കെട്ട്' എന്ന മുദ്രാവാക്യമായിരുന്നു ഉയര്‍ത്തിക്കാട്ടിയിരുന്നത്. നഗര പ്രദേശങ്ങളിലെ 30 സീറ്റുകളില്‍ ആര് വിജയിക്കണമെന്നത് തീരുമാനിക്കാന്‍ തക്ക സ്വാധീനമുള്ള പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിക്കുന്ന മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി സ്‌പോണ്‍സര്‍ഷിപ്പില്‍ ഡോ. നഹൂറ ഷെയ്കിന്റെ നേതൃത്വത്തിലുള്ള മഹിള എംപവര്‍മന്റ് പാര്‍ട്ടി നല്‍കിയതിനേക്കാള്‍ വലിയ അടിയാണ് എസ്.ഡി.പി.ഐ മത്സരിച്ച മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിനേറ്റത്. 2013ലെ തെരഞ്ഞെടുപ്പില്‍ 15 ശതമാനത്തോളം വരുന്ന മുസ്‌ലിം വോട്ടുകളില്‍ നേട്ടം കൊയ്തത് കോണ്‍ഗ്രസായിരുന്നു. മത്സരിച്ച മൂന്ന് മണ്ഡലങ്ങളിലും മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചതില്‍ വലിയ പങ്ക് എസ്.ഡി.പി.ഐക്കാണ്.
കോണ്‍ഗ്രസ് സിറ്റിങ് സീറ്റായ ബംഗളൂരുവിലെ ചിക്ക്‌പേട്ട് മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ സാന്നിധ്യം തിരിച്ചടിയായി മാറിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി വിജയിച്ചു കയറി. മൈസൂരുവിലെ നരസിംഹരാജ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഭീഷണിയായും എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ഥി മാറി. 1999 മുതല്‍ ബി.ജെ.പിയുടെ കീഴിലുണ്ടായിരുന്ന മണ്ഡലമായിരുന്നു ചിക്ക്‌പേട്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 13,059 വോട്ടിന് തിരിച്ചുപിടിച്ച മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി ഉദയ് ബി ഗരുഡാചര്‍ ജയിച്ചത് 7934 വോട്ടിന്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 49,378 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി നേടിയത് 57,312 വോട്ടുകള്‍. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മുജാഹിദ് പാഷ നേടിയത് 11,700 വോട്ടുകള്‍.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിക്കേണ്ട മുസ്‌ലിം വോട്ടുകള്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി നേടിയതോടെ മണ്ഡലം ബി.ജെ.പി സ്വന്തമാക്കി. 2013ല്‍ 4821 വോട്ടുകളാണ് ബംഗളൂരു കോര്‍പ്പറേറ്റര്‍ മുജാഹിദ് പാഷ നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 6879 വോട്ടുകളാണ് ഇത്തവണ എസ്.ഡി.പി.ഐ നേടിയത്. ഇവിടെ നിന്നും സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ആര്‍.വി ദേവരാജിന് നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിച്ചു വരാമായിരുന്നു. മലയാളി വോട്ടര്‍മാര്‍ക്ക് നിര്‍ണായക പങ്കുള്ള മണ്ഡലം കൂടിയായിരുന്നു ചിക്‌പേട്ട്. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സിദ്ദാപുര വാര്‍ഡില്‍ വിജയിച്ച ആത്മവിശ്വാസത്തിലാവും ഒരുപക്ഷെ എസ്.ഡി.പി.ഐ ഈ മണ്ഡലത്തലില്‍ നിന്ന് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാതിരുന്നത്. ദേവരാജയ്ക്ക് അതൃപ്തിയുണ്ടായിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ മത്സരിച്ചതിനെ തുടര്‍ന്നാണ് സിദ്ദാപുര വാര്‍ഡില്‍ എസ്.ഡി.പി.ഐ വിജയിച്ചതെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ഇതിന്റെ ഉപകാരസ്മരണ ഉണ്ടാവുമെന്ന് കരുതിയ ദേവരാജ വിജയിക്കുമെന്ന് കടുത്ത ആത്മവിശ്വാസത്തിലായിരുന്നു. അന്ന് ദേവരാജ സഹായിച്ചവര്‍ ഇന്ന് ദേവരാജക്കെതിരേ തിരിഞ്ഞുവെന്നതാണ് സത്യം.
മൈസൂരുവിലെ നരസിംഹരാജ മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജീദ് 33,284 വോട്ടു നേടി മൂന്നാം സ്ഥാനത്തെത്തി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്‍വീര്‍ സേട്ടിനെ ഒരു ഘട്ടത്തില്‍ ഭീഷണി ഉയര്‍ത്താന്‍ എസ്.ഡി. പി.ഐക്ക് ആയെങ്കിലും തന്‍വീര്‍ സേട്ട് കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേടിയ 8,370 വോട്ടിന്റെ ലീഡ് 18,127 ഉയര്‍ത്തി ബി.ജെ.പിയുടെ എസ്. സതീശിനെ പരാജയപ്പെടുത്തി. എസ്.ഡി.പി.ഐയുടെ സാന്നിധ്യമില്ലെങ്കില്‍ അര ലക്ഷം വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കേണ്ടതായിരുന്നു. ഇവിടെ എസ്.ഡി.പി.ഐയെ വിശ്വസിക്കാതെ ഗൗഡ സമുദായത്തെ കൂട്ടുപിടിച്ചതാണ് കോണ്‍ഗ്രസ് വിജയത്തിന് കാരണമായത്. കടുത്ത പോരാട്ടം നടന്ന ഉത്തര ഗുല്‍ബര്‍ഗയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്ക് സാന്നിധ്യം അറിയിക്കാനായില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനീസ് ഫാത്തിമ 64,311 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ ബി.ജെ.പിയുടെ ചന്ദ്രകാന്ത് ബി പാട്ടീല്‍ 58,371 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 2013ല്‍ കോണ്‍ഗ്രസ് 20,121 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച ഇവിടെ ഇത്തവണ ഭൂരിപക്ഷം 5940 ആയി കുറഞ്ഞു. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്‍ ഇവിടെ നേടിയത് 797 വോട്ടുകള്‍ മാത്രമാണ്. സമുദായം ഇന്ന് കടുത്ത പ്രതിസന്ധി നേരിടുമ്പോഴും സ്വാര്‍ഥലാഭത്തിന് വേണ്ടി എസ്.ഡി.പി.ഐ ഇറങ്ങിത്തിരിച്ചത് അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്.
ഒപ്പത്തിനൊപ്പം എത്താനായില്ലെങ്കിലും തങ്ങളും ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ച് വെല്‍ഫയര്‍ പാര്‍ട്ടിയും പിന്നാലെയുണ്ട്. സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത നാഥനില്ല ഹര്‍ത്താല്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത് പോലെ ഇന്ത്യയൊട്ടാകെ സംഘ്പരിവാറിന്റെ ചട്ടുകങ്ങളായി മാറുകയാണിവര്‍. ഫാസിസത്തിനെതിരേയുള്ള പോരാട്ടത്തില്‍ തങ്ങളുടെ ആത്മാര്‍ഥതയും അര്‍പ്പണബോധവും പ്രകടിപ്പിക്കാനുള്ള അവസരമാണ് എസ്.ഡി.പി.ഐ കളഞ്ഞു കുളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."