അനധികൃത സര്‍ക്കാര്‍ വാഹനങ്ങള്‍ ജില്ലയില്‍ വ്യാപകം
കാക്കനാട്: അനധികൃതമായി കേരള സര്‍ക്കാര്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചുള്ള വാഹനങ്ങള്‍ ജില്ലയില്‍ വ്യാപകമാകുന്നു. പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും കൂടാതെ സ്വകാര്യ ടാക്‌സി വാഹനങ്ങളിലും യാതൊരു കൂസലുമില്ലാതെ നിയമവിരുദ്ധമായി കേരള സര്‍ക്കാര്‍ ബോര്‍ഡുകള്‍ പതിച്ച് നഗരം ചുറ്റുന്നതും നിത്യകാഴ്ചയാണ്. വിവിധ സര്‍ക്കാര്‍വകുപ്പുകള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഭരണഘടനാപരമായ അധികാരസ്ഥാപനങ്ങള്‍ എന്നിവയുടെ വാഹനങ്ങളില്‍ അതത് സ്ഥാപനങ്ങളുടെ ബോര്‍ഡ് മാത്രമാണ് പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുള്ളത്. ഊരി മാറ്റാവുന്നതോ ഇളക്കി മാറ്റാവുന്നതോ ആയ ബോര്‍ഡുകള്‍ ഘടിപ്പിക്കാതെ സ്ഥിരമായി ഇരിക്കുന്ന തരത്തിലുള്ള ബോര്‍ഡുകളാണ് വാഹനങ്ങളില്‍ സ്ഥാപിക്കേണ്ടത്. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഓരോ ഡിപാര്‍ട്ട്‌മെന്റിനും ബോര്‍ഡിന്റെ നിറവും അളവുകളും ഉത്തരവുകളില്‍ പ്രത്യേകം പറയുന്നുമുണ്ട്. ടാക്‌സി വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഓണ്‍ കോണ്‍ട്രക്റ്റ് എന്നെഴുതി വാഹനം ഉപയോഗിക്കുന്ന വകുപ്പിന്റെ പേരും എഴുതണമെന്നാണ് നിയമം. നമ്പര്‍ പ്ലേറ്റുകളില്‍ സ്റ്റിക്കറുകള്‍ പതിക്കരുത് എന്ന മോട്ടോര്‍ വാഹന നിയമം നിലനില്‍ക്കെ നിയമ വിരുദ്ധമായി വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ ഡെപ്യൂട്ടി കലക്ടറുടെ ബോര്‍ഡ് പതിച്ചും റവന്യു വകുപ്പിന്റെ എല്‍.എ .എന്‍.എച്ച് ബോര്‍ഡ് പതിച്ചും ടാക്‌സി വാഹനങ്ങള്‍ നിരത്തുകളില്‍ സജീവമാണ്.
കൂടാതെ സ്വകാര്യ വാഹനങ്ങള്‍ നമ്പര്‍ പ്ലേറ്റുകളില്‍ അനധികൃതമായി കേരള സര്‍ക്കാര്‍ ബോര്‍ഡും ഘടിപ്പിച്ച് ചീറിപ്പായുകയാണ്. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വാഹനങ്ങളില്‍ അതാത് വകുപ്പിന്റെ പേര് മാത്രം എഴുതണമെന്ന് ഉത്തരവില്‍ പറയുമ്പോള്‍ കേരള സര്‍ക്കാര്‍ എന്ന് എഴുതുക വഴി ഉദ്യോഗസ്ഥരേയും ജനങ്ങളേയും സര്‍ക്കാര്‍ വാഹനങ്ങളെന്ന് തെറ്റിധരിപ്പിച്ചു കൊണ്ട് ഇത്തരക്കാര്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നു. ഇത്തരം നിയമലംഘനങ്ങളില്‍ ചെറുവിരല്‍ അനക്കാന്‍ പൊലിസോ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരോ തയാറാകുന്നില്ല. കൂടാതെ സര്‍ക്കാര്‍ വാഹനങ്ങളുടെ ലോഗ് ബുക്ക് പരിശോധിക്കേണ്ട ധനകാര്യ പരിശോധനാ വിഭാഗവും ഇപ്പോള്‍ നിര്‍ജീവമാണ്. മതിയായ ജീവനക്കാരില്ലെന്നതാണ് കാരണം.
റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹൈവേകള്‍ എന്നിവിടങ്ങളില്‍ മുന്‍കാലങ്ങളില്‍ ഇവ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ദുരുപയോഗം ശ്രദ്ധയില്‍പെട്ട് പരിശോധന നടത്തി വാഹനം പിടിച്ചാല്‍ തന്നെ ഉന്നതലങ്ങളിലുള്ള സ്വാധീനത്താല്‍ മണിക്കുറുകള്‍ക്കകം പിഴയടയ്ക്കാതെ രക്ഷപ്പെടുകയാണ് പതിവ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ട്രന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."