ലഹരിക്കെതിരേ ഇനി വിദ്യാര്‍ഥികള്‍ 'കാവലാള്‍'
കാസര്‍കോട്: ഒരു ഗ്രാമവും തങ്ങളുടെ സ്‌കൂള്‍ പരിസരവും ലഹരിമുക്തമാക്കുന്നതിനു ഇനി വിദ്യാര്‍ഥികളുടെ കാവല്‍സേനയും. എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 80ഓളം വിദ്യാര്‍ഥികളാണ് ലഹരിക്കെതിരേ കാവലാള്‍ സേനയായി രംഗത്തുള്ളത്. ഇനിമുതല്‍ എടനീര്‍ ഗ്രാമത്തിലെയും സ്‌കൂളിനു പരിസരത്തെയും കടകളും ലഹരി ഉപയോഗിക്കുന്നവരും ഈ കാവലാള്‍ സേനയുടെ നിരീക്ഷണത്തിലുണ്ടാകും. ലഹരി വില്‍പന ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യം ബോധവല്‍ക്കരണം നടത്തും. എന്നിട്ടും രക്ഷയില്ലെങ്കില്‍ അധികൃതരെ അറിയിക്കുകയാണ് ചെയ്യുക. ലഹരിക്ക് അടിമപ്പെടുന്നവരെ ബോധവല്‍ക്കരണം നടത്താനും ഈ കാവലാള്‍ സേന ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സര്‍വിസ് സ്‌കീം വിദ്യാര്‍ഥികളാണ് വിദ്യാലയവും പരിസരവും ലഹരിവിമുക്ത പ്രദേശമായി മാറ്റുന്നതിന് കാവലാളായി രംഗത്തെത്തിയിരിക്കുന്നത്. പരിശീലനം ലഭിച്ച 80ഓളം വിദ്യാര്‍ഥികള്‍ എട്ടു സ്‌ക്വാഡുകളായി തിരിഞ്ഞാണ് ഗ്രാമത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുക.
ഇന്നലെ മുതല്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ വാരാചരണം നടത്തിത്തുടങ്ങിയിട്ടുണ്ട്. വിദ്യാലയ പരിസരത്തുള്ള വ്യാപാരികളോട് മദ്യം, മയക്കുമരുന്ന്, പാന്‍മസാലകള്‍ പോലുള്ള വിഷാംശമുള്ള ലഹരിവസ്തുക്കള്‍ വില്‍പന നടത്തരുതെന്ന് കാവലാള്‍ സേന ഒരാഴ്ച നിര്‍ദേശം നല്‍കും. ലഹരിയുടെ ദൂഷ്യവശങ്ങള്‍ വിവരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും. ഇതില്‍നിന്നും വിട്ടുനില്‍ക്കാനും ഇവര്‍ വ്യാപാരികളോട് ആവശ്യപ്പെടും.
കാവലാള്‍ സേനയുടെ നേതൃത്വത്തില്‍ സ്‌കൂള്‍തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ ബോധവല്‍ക്കരണക്ലാസ്, പോസ്റ്റര്‍ രചന തുടങ്ങിയവ സംഘടിപ്പിക്കും. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഇന്നലെ രാവിലെ കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരിവിരുദ്ധ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്താണ് കാവലാള്‍ സേന കര്‍മരംഗത്തേക്കിറങ്ങിയത്. സേനയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷനര്‍ മാത്യൂ കുര്യന്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ റാലിയും നടന്നു. പ്രോഗ്രാം ഓഫിസര്‍ ഐ.കെ വാസുദേവന്‍, ഭാവന, നിത്യ, ഭവിഷ്യ, അഞ്ജലി, രക്ഷിത്, ജിസ് ജേക്കോബ് , കീര്‍ത്തന്‍, അമല്‍, അഭിഷേക് എന്നിവരാണ് കാവലാളിന്റെ സേനാനായകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."