എവറസ്റ്റ് കയറുന്നവര്‍ ഇനി ജിപിഎസ് നിരീക്ഷണത്തില്‍
കാഡ്മണ്ഡു: എവറസ്റ്റ് കീഴടക്കാന്‍ വരുന്നവര്‍ക്കായി നേപ്പാള്‍ സര്‍ക്കാര്‍ ജിപിഎസ് സംവിധാനമൊരുക്കുന്നു. എവറസ്റ്റ് കയറുമ്പോള്‍ വഴിതെറ്റുന്നതടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ജിപിഎസ് സംവിധാനം പരിഹാരമാകുമെന്നാണ് നേപ്പാള്‍ ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.
അടുത്ത ഏപ്രില്‍, മെയ് മാസങ്ങളില്‍ നൂറുകണക്കിനു പേര് എവറസ്റ്റ് കീഴടക്കാന്‍ രാജ്യത്തെത്തും. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമേ ഇപ്പോള്‍ ജിപിഎസ് സംവിധാനം ഏര്പ്പെടുത്തുന്നൊള്ളു.
മുന്നൂറു ഡോളറാണ് ജിപിഎസ് ഉപകരണത്തിന്റെ വില. എവറസ്റ്റ് കയറുന്നവരുടെ എല്ലാ ചലനങ്ങളും ഈ സംവിധാനം വഴി അറിയാനാകും. കൊടുമുടി കയറി എവിടെയെത്തി എന്നും അവര്‍ക്ക് എന്തെങ്കലും ബുദ്ധിമുട്ടുണ്ടോ എന്നും ഇതുവഴി ടൂറിസം വകുപ്പ് നിരീക്ഷിക്കും. കൊടുമുടി കയറുന്നവരുടെ സുരക്ഷയ്ക്കായാണ് ഈ സംവിധാനം ഒരുക്കുന്നതെന്നു വകുപ്പ് തലവന്‍ ദുര്‍ഗ ദത്ത് ധാക്കല്‍ പറഞ്ഞു.
ഇതുവരെ കൊടുമുടി കയറുന്നവര്‍ നല്കുന്ന ഫോട്ടോ ഉപയോഗിച്ചാണ് അവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. അതുകൊണ്ടു തന്നെ പലരും കൊടുമുടി കയറിയെന്ന അവകാശവാദവുമായി എത്തുന്നത് ടൂറിസം വകുപ്പിനു തലവേദനയായിരുന്നു. ജിപിഎസ് സംവിധാനം വരുന്നതോടെ ഇത്തരത്തിലുള്ള ആള്മറാട്ടങ്ങള്ക്ക് അറുതിവരുമെന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."