മിഷേലിന്റെ മരണം: മൊബൈല്‍ ഫോണിനായുള്ള തിരച്ചില്‍ വിഫലം
കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണിനും ബാഗിനുമായി നടത്തിയ തിരച്ചില്‍ വിഫലം. ക്രൈംബ്രാഞ്ച് എസ്.പി കെ.വി മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ കായലില്‍ തിരച്ചില്‍ നടത്തിയത്. സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ രാവിലെ ആരംഭിച്ച തിരച്ചില്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. മിഷേല്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് നടന്നുനീങ്ങിയ ഗോശ്രീ പാലത്തിന്റെ താഴെയുള്ള ഭാഗത്താണ് മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തിയത്. ഫോണും ബാഗും കണ്ടെത്താന്‍ സാധിച്ചാല്‍ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
മിഷേലിന്റെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് സംഘം എത്തിയിരുന്നെങ്കിലും കാരണം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം കായലില്‍ ആഴത്തില്‍ വെള്ളമുള്ളതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായി. മൊബൈല്‍ പോലുള്ള ചെറിയ സാധനം കടലിലേക്ക് ഒഴുകിപ്പോയിരിക്കാമെന്നും വിലയിരുത്തലുണ്ട്. ഇതിനാല്‍ കേസില്‍ അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടറുടെ ഫോണിലെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഫോണില്‍ നിന്ന് ചില എസ്.എം.എസുകളും വാട്‌സ് ആപ് സന്ദേശങ്ങളും ചിത്രങ്ങളും ക്രോണിന്‍ മായ്ച്ചുകളഞ്ഞതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
അതോടൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ക്രോണിന്റെ വീട്ടിലും ഛത്തീസ്ഗഡിലെ താമസ സ്ഥലത്തും പൊലിസ് പരിശോധന നടത്തും. പൊലിസിന് ആദ്യം ലഭിച്ച സി.സി.ടി.വി ദൃശ്യത്തില്‍ മിഷേലിന്റെ സമീപത്തുകൂടി കടന്നുപോയ ബൈക്ക് സംശയത്തിന് ഇടയാക്കിയിരുന്നു. ദൃശ്യം യാദൃശ്ചികമാണെന്നാണ് പൊലിസിന്റെയും ഒടുവില്‍ ക്രൈംബ്രാഞ്ചിന്റെയും നിഗമനം. ബൈക്ക് കണ്ടെത്തി സംഭവത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."