കൃഷ്ണദാസിന്റെ അറസ്റ്റ്: പൊലിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: പാമ്പാടി നെഹ്‌റു കോളജ് ഓഫ് എജ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ഡോ. പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലിസിനെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളജിലെ എല്‍.എല്‍.ബി വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട് ഡോ. പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കവേ കേസില്‍ ഹരജിക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തുവെന്ന് അഭിഭാഷകന്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പൊലിസിനുമെതിരേ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
പൊതുജനാഭിപ്രായ പ്രകാരമല്ല കേസ് കൈകാര്യം ചെയ്യേണ്ടതെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. കൃഷ്ണദാസിനെതിരേ വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ കൂടുതല്‍ കാര്യങ്ങളാണ് പൊലിസ് കൂട്ടിച്ചേര്‍ത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന്‍ സര്‍വിസില്‍ ഉണ്ടായിരിക്കാന്‍ യോഗ്യതയുള്ള വ്യക്തിയല്ലെന്നും കോടതി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരേ കോടതി പരാമര്‍ശം എഴുതിയാല്‍ ഒരു രാഷ്ട്രീയക്കാരനും സംരക്ഷിക്കാനാകില്ല. പരാതിക്കാരനില്ലാത്ത ആരോപണങ്ങള്‍ പൊലിസ് കൂട്ടിച്ചേര്‍ക്കുകയും കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയുമാണ്.
ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹരജിക്കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് മറികടക്കാനാണോ പൊലിസ് ഇത്തരം നടപടി സ്വീകരിച്ചതെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് നിയമപരമായി പ്രവര്‍ത്തിക്കാന്‍ പൊലിസ് തയാറാകണമെന്ന് ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ ഇന്നു ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.
സഞ്ജിത്ത് വിശ്വനാഥന്റെ
മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി
കൊച്ചി: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പാമ്പാടി നെഹ്‌റു കോളജ് പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
കേസില്‍ പാമ്പാടി നെഹ്‌റു കോളജ് ഓഫ് എജ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അന്വേഷണവുമായി സഹകരിക്കാമെന്നും കോടതി നല്‍കുന്ന ജാമ്യവ്യവസ്ഥകള്‍ അനുസരിക്കാമെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."