പ്ലസ്ടു: വിദ്യാര്‍ഥികളെ കുഴക്കി ജേണലിസം രണ്ടാം വര്‍ഷ ചോദ്യപ്പേപ്പര്‍
കോഴിക്കോട്: തിങ്കളാഴ്ച നടന്ന ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ ജേണലിസം പരീക്ഷ തീര്‍ത്തും വിദ്യാര്‍ഥികളെ വലക്കുന്നതായിരുന്നു. 29 ചോദ്യങ്ങളില്‍ 16 എണ്ണവും ഒന്നാം വര്‍ഷത്തില്‍ നിന്നുള്ളത്. അതായത് 60 മാര്‍ക്കില്‍ 28 മാര്‍ക്കിനുള്ള ചോദ്യങ്ങളും ഒന്നാം വര്‍ഷത്തെ പാഠഭാഗത്തെ ആസ്പദമാക്കിയിട്ടുള്ളത്.
പ്രധാനപ്പെട്ട പാഠ ഭാഗങ്ങളെല്ലാം അവഗണിച്ചാണ് ചോദ്യപേപ്പര്‍ തയാറാക്കിയതെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പരാതി ഉന്നയിച്ചു. നന്നായി പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ ഏറ്റവും പ്രാധാന്യത്തോടെ പഠിച്ച ഓണ്‍ലൈന്‍ ജേണലിസം, സിനിമ, ടെക്‌നിക്കല്‍ റൈറ്റിങ്, കോര്‍പറേറ്റ് കമ്മ്യുണിക്കേഷന്‍ തുടങ്ങിയ അധ്യായങ്ങള്‍ പൂര്‍ണമായി അവഗണിച്ചും ബാക്കിയുള്ളവ പേരിനു മാത്രം ഉള്‍പെടുത്തിയും കൂടാതെ പൊതു വിഷയങ്ങള്‍ ഉള്‍പെടുത്തിയുമായിരന്നു ചോദ്യങ്ങള്‍. പ്രാക്ടിക്കള്‍ പരീക്ഷയില്‍ ഒഴികെ രണ്ടാം വര്‍ഷ പരീക്ഷയില്‍ ഒന്നാം വര്‍ഷ സിലബസ് ഉള്‍പ്പടുത്താറില്ല.
നിലവില്‍ എ പ്ലസ് അടക്കം ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയിട്ടുള്ള വിദ്യാര്‍ഥികളെ നിരാശരാക്കുന്ന തരത്തിലായിരുന്നു ചോദ്യങ്ങളെന്ന് അധ്യാപകരും രക്ഷിതാക്കളും പരാതിപ്പെട്ടു. പരീക്ഷ കഴിഞ്ഞയുടനെ തന്നെ വിദ്യാര്‍ഥികള്‍ അധ്യാപകരെ വിളിച്ച് പരാതി പറഞ്ഞു. പാഠഭാഗങ്ങള്‍ കൂടുതല്‍ ആവര്‍ത്തിച്ച് പഠിപ്പിച്ച അധ്യാപകരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രവണതയാണിതെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി ല്‍കുമെന്നും ജേണലിസം അധ്യാപകര്‍ പറഞ്ഞു.
ജേണലിസം പാഠ പുസ്തകങ്ങള്‍ തയാറാക്കിയതില്‍ നേരത്തെ തന്നെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പല പാഠ ഭാഗങ്ങളും ബിരുദാനന്തര നിലവാരത്തിലുള്ളതും രണ്ടു വര്‍ഷങ്ങളിലായി ഒരേ ചോദ്യത്തിന് രണ്ട് ഉത്തരങ്ങള്‍ പഠിക്കുന്ന സ്ഥിതിയുമാണ്. കുട്ടികളുടെ മാനസിക നിലവാരം പരിഗണിക്കാതെ തയാറാക്കപ്പെട്ടതാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം എന്തിനാണ് പാഠഭാഗങ്ങള്‍ പഠിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്.
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി
പരീക്ഷയ്‌ക്കെതിരേ പരാതി
തിരുവനന്തപുരം: ഇന്നലെ നടന്ന എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയ്‌ക്കെതിരെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പരാതി. കണക്ക് പരീക്ഷയാണ് എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളെ വലച്ചത്. നിരവധി ചോദ്യങ്ങള്‍ സിലബസില്‍ നിന്നു പുറത്തുള്ളവയായിരുന്നുവെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഇന്നലെ നടന്ന എക്കണോമിക്‌സ് ചോദ്യപേപ്പറിനെ കുറിച്ചും പരാതി ഉയര്‍ന്നു. ചോദ്യങ്ങള്‍ മനസിലാകുന്ന രീതിയിലല്ല എന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഇതിനെതിരേ വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കും. അതേസമയം, സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."