വിവാദങ്ങള്‍ വിട്ടൊഴിയാതെ ചങ്ങരംകുളം പൊലിസ് സ്റ്റേഷന്‍
ചങ്ങരംകുളം: വിവാദങ്ങള്‍ വിട്ടൊഴിയാതെ ചങ്ങരംകുളം പൊലിസ് സ്റ്റേഷന്‍. അടുത്തിടെ ഉദ്യോഗസ്ഥ തലത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങളും മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ പങ്കിടുന്ന സ്റ്റേഷന് വിനയായി.
എടപ്പാള്‍, ചങ്ങരംകുളം ടൗണുകള്‍ ഉള്‍പ്പെടുന്ന പൊന്നാനി സര്‍ക്കിളിലെ പ്രധാന സ്റ്റേഷന്‍ വിവാദങ്ങള്‍ വിട്ടൊഴിയാതെ കുഴയുകയാണ്. വിവാദങ്ങള്‍ മൂലം നാഥനില്ലാതെ കഴിയുന്ന അവസ്ഥയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധികാരം എടുത്ത് കളഞ്ഞ് സ്റ്റേഷന്‍ ചുമതല അതത് സര്‍ക്കിള്‍ പരിതിയില്‍ ആക്കി ചുരുക്കിയത് ചങ്ങരംകുളം സ്റ്റേഷനെ നാഥനില്ലാതെ ആക്കിയിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് മാല മോഷണക്കേസില്‍ അറസ്റ്റിലായ എടപ്പാള്‍ സ്വദേശിനിയായ 21കാരി ചങ്ങരംകുളം സ്റ്റേഷനില്‍ തൂങ്ങി മരിച്ച സംഭവം ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്ത് അന്വേഷണം തുടരുന്നതിനിടെ കസ്റ്റഡിയിലെടുത്ത കുറ്റിപ്പാല സ്വദേശി മോഹനന്‍ എന്നയാള്‍ കൂടി മരിച്ചതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിത്തുടങ്ങി.
ചങ്ങരംകുളത്തെത്തുന്ന എസ്.ഐമാരും പൊലിസുകാരും ഇടക്കിടെ മാറിത്തുടങ്ങിയതോടെ പല അന്വേഷണങ്ങളും ഫയലില്‍ കുടുങ്ങിക്കിടന്നു. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വസ്ഥിതിയിലായ ചങ്ങരംകുളം സ്റ്റേഷനില്‍ ജോലി ചെയ്ത എസ്.ഐ വിനോദ് ഒരു വര്‍ഷത്തോളം ജോലി ചെയ്‌തെങ്കിലും രാഷ്ട്രീയ വടംവലികള്‍ അദ്ദേഹത്തെ സ്ഥലംമാറ്റി.
പിന്നീട് മറ്റൊരു എസ്.ഐ ചങ്ങരംകുളത്ത് എത്തിയെങ്കിലും അദ്ദേഹം സ്വയം സ്ഥലംമാറ്റം വാങ്ങി പോയതോടെ ചങ്ങരംകുളം സ്റ്റേഷന്‍ വീണ്ടും നാഥനില്ലാതെ ആകുകയായിരുന്നു. ഇടുക്കി സ്വദേശി മനേഷ് ചങ്ങരംകുളത്ത് എത്തിയത് ഏറെ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും തുടക്കത്തില്‍ തന്നെ സി.പി.എം പ്രാദേശിക നേതാവുമായി ആള് മാറി കൊമ്പ് കോര്‍ത്തത് അദ്ദേഹത്തിനും വിനയായി.
സ്ഥലം മാറ്റിയ എസ്.ഐ ഒരു വര്‍ഷത്തോളം ചങ്ങരംകുളത്ത് സേവനം നടത്തിയെങ്കിലും പിന്നീട് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയാണ് അദ്ദേഹം തൃശ്ശൂരിലേക്ക് സ്ഥലംമാറി പോയത്. പൊലിസിനെയും സ്റ്റേഷനെയും നിയന്ത്രിച്ചിരുന്ന സര്‍ക്കിള്‍ സംവിധാനം എടുത്ത് കളഞ്ഞതോടെ സ്റ്റേഷന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നാഥനില്ലാത്ത അവസ്ഥയായി.
ചങ്ങരംകുളത്ത് ഏറെ കാലമായി അഡീഷല്‍ എസ്.ഐ ആയിരുന്ന എ.ജി ബേബിക്കായിരുന്നു പിന്നീട് സ്റ്റേഷന്‍ ചുമതല. തിയറ്റര്‍ പീഡനത്തില്‍ നടപടി വൈകിപ്പിച്ചെന്നാരോപിച്ച് ബേബിയെ സസ്‌പെന്‍ഡ് ചെയ്തതോടെ ചങ്ങരംകുളം സ്റ്റേഷന്‍ ഏതാനും പൊലിസുകാരില്‍ ചുരുങ്ങി. അഞ്ചോളം എ.എസ്.ഐ മാരുണ്ടായിരുന്ന ചങ്ങരംകുളം സ്റ്റേഷന് നാഥനില്ലാതെ ആകുന്നതോടെ പല കേസുകളും വീണ്ടും ചിതലരിച്ചു തുടങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."