ടാങ്കര്‍ ദുരന്ത ഭീഷണി: മലബാറിന് റിക്കവറി യൂനിറ്റ് വേണം
മങ്കട: മലബാര്‍ മേഖലയില്‍ ടാങ്കര്‍ ലോറികള്‍ അപകടത്തില്‍പ്പെട്ടാല്‍ ദുരന്തഭീഷണി മറികടക്കാന്‍ സംവിധാനമില്ല. ഇത്തരം അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും മലബാറില്‍ റിക്കവറി യൂനിറ്റില്ലെന്നതാണ് ആശങ്കയുയര്‍ത്തുന്നത്.
രണ്ടു ദേശീയപാതകളിലായി കഴിഞ്ഞ വര്‍ഷത്തിനിടയില്‍ മാത്രം ചെറുതും വലുതുമായ നിരവധി ടാങ്കര്‍ അപകടങ്ങളാണുണ്ടായത്. വലിയ തോതിലുള്ള വാതക ചോര്‍ച്ചയുണ്ടായാല്‍ പാചകവാതകം മറ്റൊരു ടാങ്കറിലേക്കു മാറ്റുകയാണ് വേണ്ടത്. എന്നാല്‍, ഇതിനാവശ്യമായ റിക്കവറി യൂനിറ്റ് മലബാര്‍ മേഖലയില്‍ ഇല്ല.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലടക്കം ടാങ്കര്‍ അപകടങ്ങള്‍ നേരിടാന്‍ കൊച്ചിയില്‍നിന്നു റിക്കവറി വാന്‍ എത്തണം.
ഗതാഗത നിയന്ത്രണങ്ങള്‍ കാരണം അപകടസാധ്യത കൂടിയ റോഡുകള്‍വഴി പാചകവാതക ടാങ്കറുകള്‍ തിരിച്ചുവിടുന്നതും പതിവാണ്. കഴിഞ്ഞ ദിവസം മങ്കടയിലും പാചകവാതക ലോറി നിയന്ത്രണംവിട്ട് അപകടമുണ്ടായി.
ദേശീയപാത 213ലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്നു കൂടുതല്‍ വളവുള്ളതും വീതി കുറഞ്ഞതുമായ മങ്കട റോഡിലൂടെ ടാങ്കര്‍ തിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
കൊച്ചിയില്‍നിന്നു മണിക്കൂറുകള്‍ സഞ്ചരിച്ചു റിക്കവറി വാന്‍ എത്തുമ്പോഴേക്കും അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കും. കഴിഞ്ഞ മാര്‍ച്ച് അവസാനം അരിപ്ര വളവിലുണ്ടായ അപകടത്തില്‍ ടാങ്കറില്‍നിന്നു നേരിയ ചോര്‍ച്ചയുണ്ടായിരുന്നു.
വാഹനത്തില്‍തന്നെ സ്‌പെയര്‍ കരുതിയിരുന്നതിനാലാണ് അന്നു ദുരന്തമൊഴിവായത്. വളാഞ്ചേരി വട്ടപ്പാറ, കുറ്റിപ്പുറം-ചൂണ്ടാല്‍ സംസ്ഥാനപാതയില്‍ ചങ്ങരംകുളം എന്നിവിടങ്ങളിലൊക്കെ ടാങ്കര്‍ അപകടങ്ങള്‍ പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."