മിനിമം വേജസ് റൂള്‍സ് ഭേദഗതി: ഉത്തരവിനെതിരേ അപ്പീല്‍ നല്‍കി
കൊച്ചി: സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് മിനിമംവേതനം ഉറപ്പാക്കുന്ന 2015ലെ കേരള മിനിമം വേജസ് റൂള്‍സ് ഭേദഗതി ശരിവച്ച ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ ഒരു കൂട്ടം സ്ഥാപനങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
വേതന സുരക്ഷാ പദ്ധതി എന്ന പേരില്‍ കംപ്യൂട്ടര്‍വല്‍കരണത്തിലൂടെയുള്ള വേതനവിതരണം ഉറപ്പാക്കിയ 2015 ജൂലൈ എട്ടിലെ ഭേദഗതി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവിനെതിരേയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇത്തരം സംവിധാനം പ്രായോഗികമല്ലെന്ന് ഹരജിക്കാര്‍ പറയുന്നു. തൊഴില്‍ മേഖലയിലെ വിദഗ്ധര്‍ക്കും അല്ലാത്തവര്‍ക്കും നല്‍കുന്ന പ്രതിഫലം പരസ്യമാകാനിടയാകും. ഇത് പരസ്പരം വിലയിരുത്തുന്ന സാഹചര്യമുണ്ടാകുന്നതോടെ തൊഴിലാളികള്‍ തമ്മിലും മാനേജ്‌മെന്റുമായും ഉള്ള പരസ്പരവിശ്വാസം നഷ്ടപ്പെടും.
സ്ഥാപന നടത്തിപ്പിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നും ഹരജിക്കാര്‍ പറയുന്നു. വസ്തുതകള്‍ പരിഗണിക്കാതെയുള്ള ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. സ്വകാര്യ ആശുപത്രികള്‍, സ്‌കാനിങ് സെന്റര്‍, ഫാര്‍മസി, ക്ലിനിക്കല്‍ ലാബ്, എക്‌സ്‌റേ യൂനിറ്റ്, സ്റ്റാര്‍ ഹോട്ടലുകള്‍, സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാര്‍, കടകളും അനുബദ്ധ സ്ഥാപനങ്ങളും, സെക്യൂരിറ്റി സേവനങ്ങള്‍, കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ എന്നീ ഷെഡ്യൂള്‍ഡ് തൊഴില്‍ മേഖലകളിലാണ് ഈ ഭേദഗതി കൊണ്ടുവന്നത്.
വേതന സുരക്ഷാ സംവിധാനം സംബന്ധിച്ച ആപ്പ് അപ്‌ലോഡ് ചെയ്ത് തൊഴിലാളിയുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ട് വഴി വേതനം വിതരണം ചെയ്യുന്നതാണ് ഈ രീതി. ശമ്പള സ്ലിപ്പും വിവരസാങ്കേതിക സംവിധാനംവഴി നല്‍കണം. പദ്ധതി വഴി ലേബര്‍ ഓഫിസര്‍മാര്‍ക്ക് ശമ്പള വിതരണം നിരീക്ഷിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."