മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം: ഉദ്യോഗസ്ഥ-ഭരണതലത്തില്‍ അട്ടിമറിക്കപ്പെട്ട പദ്ധതിയെന്ന് എം.കെ രാഘവന്‍
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം ഉദ്യോഗസ്ഥ-ഭരണതലത്തില്‍ അട്ടിമറിക്കപ്പെട്ട പദ്ധതിയാണെന്നും ഒടുവില്‍ വികസനം യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും എം.കെ രാഘവന്‍ എം.പി. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ സ്മരണജ്വാലയും കൂട്ട ഉപവാസവും കലക്ടറേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏഴു പാതകളുടെ നവീകരണത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡായിരുന്നു. പിന്നീട് ഏഴാം സ്ഥാനത്തേക്കും അവസാനം ഉപേക്ഷിക്കപ്പെട്ട നിലയിലുമായി. മറ്റ് ആറു റോഡുകളുടെയും പ്രവൃത്തി പൂര്‍ത്തിയായ ഘട്ടത്തിലും മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ പണി തുടങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 25 പേരാണ് ഈ റോഡിലുണ്ടായ അപകടങ്ങളില്‍ മരിച്ചത്. വികസനം യാഥാര്‍ഥ്യമാക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഉപവാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍, തായാട്ട് ബാലന്‍, സി.ജെ റോബിന്‍, ഗ്രോവാസു എന്നിവര്‍ നേതൃത്വം നല്‍കി. പ്രൊഫ. ടി.പി വിശാലാക്ഷി, കോണ്‍ഗ്രസ് നേതാവ് കെ.സി അബു എന്നിവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പങ്കെടുത്തു. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റോഡ് വികസനം യാഥാര്‍ഥ്യമാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയെന്ന് ഉപവാസത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
എന്‍.പി വാസുദേവന്‍, മാത്യു കാട്ടിക്കാടന്‍, അഡ്വ. എ. അനന്ദകനകം, കെ.വി സുനില്‍കുമാര്‍, കെ.പി വിജയകുമാര്‍, കെ. സത്യനാഥന്‍ സംബന്ധിച്ചു. അപകടങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കളും എം.പിയടക്കമുള്ളവരും ഉപവാസ വേദിയിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."