പകര്‍ച്ചവ്യാധികള്‍ കൂടുന്നു; മുന്‍കരുതല്‍ എടുക്കാതെ മെഡി. കോളജ്
ചേവായൂര്‍: പകര്‍ച്ചപ്പനി ബാധിതര്‍ കൂടുതലായി ചികിത്സ തേടിയെത്താന്‍ തുടങ്ങിയിട്ടും ആവശ്യമായ മുന്‍കരുതല്‍ എടുക്കാതെ മെഡിക്കല്‍ കോളജ് ആശുപത്രി. മഴ തുടങ്ങിയതോടെ വിവിധതരം പനിയുള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് രോഗികള്‍ എത്തുന്നത് വര്‍ധിച്ചിട്ടും ഇതുനേരിടാനുള്ള നടപടി സ്വീകരിക്കാത്തത് അധികൃതരുടെ അലംഭാവം കാരണമാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പകര്‍ച്ചവ്യാധി രോഗങ്ങളുടെ കണക്കെടുക്കുന്ന ആരോഗ്യ വിഭാഗത്തില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് ആറു ഡെങ്കിപ്പനികളാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതോളം ഡെങ്കി ബാധിതരാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പല വാര്‍ഡുകളിലായി 15ഓളം മഞ്ഞപ്പിത്ത ബാധിതരും ചികിത്സയില്‍ കഴിയുന്നുണ്ട്. എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം.
ആശുപത്രിയിലെ എട്ടു മെഡിസിന് വാര്‍ഡുകളില്‍ ഓരോന്നിലും ശരാശരി അഞ്ചു പനി ബാധിതര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ വ്യാപകമായി പടര്‍ന്നുപിടിച്ച കഴിഞ്ഞ വര്‍ഷം ആശുപത്രി വാര്‍ഡുകള്‍ നിറഞ്ഞു കവിയുകയും നിരവധി രോഗികള്‍ മരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മെഡിസിന് വിഭാഗത്തില്‍ പ്രത്യേകമായി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ചുമതല നല്കി.
അത്യാഹിത വിഭാഗത്തില്‍ തന്നെ പനി വിഭാഗം ഒരുക്കുകയും രോഗികള്‍ക്ക് പ്രത്യേക വാര്‍ഡ് സജ്ജീകരിക്കുകയും ചെയ്തിരുന്നു. പനി ബാധിച്ച് എത്തുന്നവര്‍ക്ക് ഒ.പിയില്‍ വരിനില്‍ക്കാതെ നേരിട്ട് അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
ആരോഗ്യ വിഭാഗത്തിന്റെ പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ആശുപത്രിയില്‍ ആവശ്യമായ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. മരുന്നുകള്‍ ശേഖരിച്ചിട്ടില്ലെന്നും ഇതുവരെ പ്രാഥമിക യോഗം പോലും ചേര്ന്നിട്ടില്ലെന്നുമുള്ള പരാതിയും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."