കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി; ഉദ്ഘാടനം 22ന്
തിരുവനന്തപുരം: കാട്ടാക്കട നിയോജകമണ്ഡലത്തിലെ ജലക്ഷാമത്തിന് സുസ്ഥിര പരിഹാരമായി വിഭാവനം ചെയ്ത ജലസമൃദ്ധി പദ്ധതിക്ക് പതിനഞ്ചിന കര്‍മ പദ്ധതികളോടെ 22 ന് തുടക്കമാകും. രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കുന്ന പതിനഞ്ചിന കര്‍മ പരിപാടികള്‍ക്കാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് തുടക്കമാവുക. ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വികസന വകുപ്പുകളുടെ സാങ്കേതിക മേല്‍നോട്ടത്തില്‍ ജനപങ്കാളിത്തത്തോടെയാണ് ഇവ നടപ്പാക്കുക. ജലശുദ്ധി, കിണര്‍ നിറയ്ക്കല്‍, മഴക്കൊയ്ത്ത്, കിണര്‍ വീണ്ടെടുക്കല്‍, ലക്ഷം വൃക്ഷം ലക്ഷ്യം, വിദ്യക്കൊപ്പം വിളവ്, ജലസ്രോതസുകള്‍ക്ക് കയര്‍ ഭൂവസ്ത്രം, കാവ് സംരക്ഷണം, കുളങ്ങള്‍ക്ക് ചുറ്റും ഉദ്യാനവല്‍ക്കരണം, നെല്‍കൃഷി വികസനം, തോട് പുനരുജ്ജീവനം, മത്സ്യകൃഷി തുടങ്ങിയവയാണ് നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം 22 ന് വൈകിട്ട് നാലിന് കുണ്ടമണ്‍കടവില്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് നിര്‍വഹിക്കും. പദ്ധതി രേഖ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍ ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍. സീമക്ക് നല്‍കി പ്രകാശനം ചെയ്യും. കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍, ഐ.ബി. സതീഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."