എട്ടു ഹിസ്ബുള്ള നേതാക്കളെയും രണ്ടു സ്ഥാപനങ്ങളെയും സഊദി ഭീകരപട്ടികയില്‍ പെടുത്തി
റിയാദ്: ലബനോന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയുടെ ഉന്നതരായ പത്തു പേരെ സഊദി അറേബ്യ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരില്‍ അഞ്ചു പേര്‍ ഹിസ്ബുല്ലയുടെ നയതീരുമാനങ്ങള്‍ എടുക്കുന്ന ലബനീസ് മിലിറ്റിയാ ശൂറ കൗണ്‍സില്‍ അംഗങ്ങളാണ്. സഊദി സ്റ്റേറ്റ് സുരക്ഷാ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഊദിയെ കൂടാതെ ഭീകരതക്കുള്ള ഫണ്ടിങ് തടയുന്നതിന് സ്ഥാപിച്ച ടെററിസ്റ്റ് ഫൈനാന്‍സിങ്ങ് ആന്‍ഡ് ടാര്‍ജെറ്റിങ് സെന്റര്‍ രാജ്യങ്ങളും ഇവരെ ഭീകര പട്ടികയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യക്തികളെ കൂടാതെ രണ്ടു സ്ഥാപനങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ല, നേതാക്കളായ നഈം ഖാസിം, മുഹമ്മദ് യസ്‌ബെക്ക്, ഹുസൈന്‍ ഖലീല്‍, ഇബ്‌റാഹീം ആമേന്‍ അല്‍ സയ്യിദ്, ഹിസ്ബുള്ള പ്രവര്‍ത്തനങ്ങളുമായി അടുത്ത ബന്ധമുള്ള ത്വലാല്‍ ഹാമിയ്യ, അലി യൂസുഫ് ശരാര, ഹസന്‍ ഇബ്‌റാഹീം, സ്‌പെക്ട്രം ഗ്രൂപ്പ്, മാഹിര്‍ ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി എന്നീ വ്യക്തികളെയും കമ്പനികളെയുമായാണ് സഊദിയും മറ്റു രാജ്യങ്ങളും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്.
ഇവരുമായി ബന്ധപ്പെട്ട സഊദിയിലെ മുഴുവന്‍ സ്വത്തുക്കളും മരവിപ്പിക്കും. ഇവരുമായി ബന്ധമുള്ള സഊദിയിലെ സ്വത്തുക്കള്‍ കുറിച്ച് അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറാനും നിര്‍ദേശമുണ്ട്. പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തികളുമായും സ്ഥാപനങ്ങളുമായതും ഒരു തരത്തിലുമുള്ള ബന്ധവും പുലര്‍ത്താന്‍ പാടില്ല. ഇവര്‍ക്കോ ഹിസ്ബുല്ലക്കോ വേണ്ടി സഹായങ്ങള്‍ ചെയ്യുകയോ പണം അയയ്ക്കുകയോ ചെയ്യുന്നത് പിടികൂടുമെന്നും കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുമുണ്ട്. അമേരിക്ക, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങളുമായി സഹകരിച്ചാണ് ഹിസ്ബുള്ള നേതാക്കളെയും സ്ഥാപനങ്ങളെയും സഊദി അറേബ്യാ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നു അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള യമന്‍, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലടക്കം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി നേരത്തെ തന്നെ സഊദിയടക്കം വിവിധ രാജ്യങ്ങള്‍ തെളിവുകള്‍ സഹിതം വിശദീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."