ബഹളത്തിനിടെ ആരും ശ്രദ്ധിക്കാതെ ജസ്റ്റിസ് ചെലമേശ്വര്‍ പടിയിറങ്ങി
ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയനാടകങ്ങള്‍ക്കു പിന്നാലെ രാജ്യം സഞ്ചരിക്കവെ അത്രയാരും ശ്രദ്ധിക്കാതെ ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രിംകോടതിയുടെ പടിയിറങ്ങി. ചീഫ്ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ചെലമേശ്വര്‍ അടുത്തമാസം 22നാണ് ഔദ്യോഗികമായി വിരമിക്കുന്നതെങ്കിലും വേനലവധിക്കു അടച്ച സുപ്രിംകോടതിയില്‍ അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തിദിനമായിരുന്നു വെള്ളിയാഴ്ച. വിരമിക്കുന്ന ജഡ്ജിമാര്‍ അവസാന പ്രവര്‍ത്തിദിനം ചീഫ്ജസ്റ്റിസിന്റെ ബെഞ്ചില്‍ അദ്ദേഹത്തോടൊപ്പം ഇരിക്കുന്ന പതിവിനപ്പുറം, ഔദ്യോഗിക യാത്രയയപ്പു ചടങ്ങിനു നിന്നുകൊടുക്കാതെയാണ് ചെലമേശ്വറിന്റെ പടിയിറക്കം.
സാധാരണ രണ്ടാം നമ്പര്‍ കോടതിമുറിയില്‍ ജസ്റ്റിസ് എസ്.കെ കൗളിനൊപ്പമാണ് ചെലമേശ്വര്‍ കേസ് കേള്‍ക്കാറുള്ളത്. ഈ ബെഞ്ചില്‍ വ്യാഴാഴ്ചയായിരുന്നു ചെലമേശ്വറിന്റെ അവസാനദിവസം. അന്ന് നടപടികള്‍ പൂര്‍ത്തിയായി കോടതി പിരിയാന്‍ നേരം, ഇന്നാണ് ചെലമേശ്വറിന് ഒപ്പം ഇരിക്കുന്ന അവസാന ദിനമെന്ന് പറഞ്ഞു ജ. കൗള്‍ അനൗപചാരിക യാത്രയയപ്പ് നേര്‍ന്നു. എന്നാല്‍, വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ചെലമേശ്വര്‍ അനുവദിച്ചില്ല. അതിനു മുമ്പേ കോടതിമുറിയില്‍ മുതിര്‍ന്ന അഭിഭാഷകരായ മുന്‍കേന്ദ്രനിയമമന്ത്രി ശാന്തിഭൂഷണ്‍, മകന്‍ പ്രശാന്ത് ഭൂഷണ്‍, ദുശ്യന്ത് ദവെ എന്നിവര്‍ എത്തിയിരുന്നു. ചെലമേശ്വറിനോടുള്ള നന്ദിയും കടപ്പാടും ഏതാനും വാക്കുകളില്‍ ഇവര്‍ ഒതുക്കി. ഇതിനുള്ള മറുപടി ചെലമേശ്വര്‍ മൂന്നുവാചകത്തിലും ഒതുക്കി. കഴിഞ്ഞ ആറുവര്‍ഷവും പത്തുമാസവും ദേഷ്യത്തിലും അവിവേകത്തിലും ആയിരുന്നു. എന്നാല്‍, ഇത് മനഃപൂര്‍വമോ ഏതെങ്കിലും വ്യക്തികളോടുള്ള വിരോധം കൊണ്ടോ ആയിരുന്നില്ല. ആര്‍ക്കെങ്കിലും വേദന തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കുന്നു. ഇതും പറഞ്ഞ് കൈ കൂപ്പി ചെലമേശ്വര്‍ ഇറങ്ങി.
പിന്നീട് വെള്ളിയാഴ്ച ചീഫ്ജസ്റ്റിസിനൊപ്പമാണ് ചെലമേശ്വര്‍ ഇരിക്കേണ്ടത്. സീനിയോരിറ്റിയില്‍ ചെലമേശ്വറിനു തൊട്ടുപിന്നിലുള്ള ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ വാഹനത്തിലാണ് ചെലമേശ്വര്‍ അന്ന് കോടതിയില്‍ വന്നതും തിരികെ പോയതും. ആഴ്ചയിലെ അവസാന ദിവസമായ വെള്ളിയാഴ്ചകളില്‍ കൂടുതല്‍ കേസുകള്‍ കേള്‍ക്കാറുണ്ടെങ്കിലും ഇത്തവണ 11 അപ്രധാന കേസുകള്‍ മാത്രമാണ് ചീഫ്ജസ്റ്റിസ്, ചെലമേശ്വര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് കേട്ടത്. ഇടയ്ക്കിടെ ചെലമേശ്വറുമായി ചീഫ്ജസ്റ്റിസ് ആശയവിനിമയം നടത്തിക്കൊണ്ടിരുന്നു. ഒരുമണിക്കൂര്‍ തികയും മുമ്പേ ബെഞ്ച് പിരിഞ്ഞു. ഇതോടെ നന്ദിപ്രകടനത്തിന്റെ സമയമായി. രാജ്യത്തിനും ഇന്ത്യന്‍ ജനാധിപത്യത്തിനും ജ. ചെലമേശ്വര്‍ നല്‍കിയ സംഭാവനകള്‍ ഭാവി തലമുറ ഓര്‍ക്കുമെന്ന് അഭിപ്രായപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ തുടങ്ങിവച്ചു. സുപ്രിംകോടതി അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികളോ മറ്റോ ചടങ്ങിനെത്തിയിരുന്നില്ല. ഹ്രസ്വമായ പരിപാടിക്കു ശേഷം മറുപടി പ്രസംഗം നടത്താതെ എല്ലാത്തിനും മറുപടിയായി കൈ കൂപ്പി ചെലമേശ്വര്‍ മടങ്ങി.
പിന്നീട് ഉച്ച സമയം ഏതാനും സമയത്തേക്ക് കൊളീജിയം യോഗം ചേര്‍ന്നു. ബുധനാഴ്ച ചേര്‍ന്ന യോഗത്തിന്റെ നടപടികള്‍ പരസ്യപ്പെടുത്താന്‍ മാത്രം തീരുമാനിച്ച് യോഗം പിരിഞ്ഞു. ജസ്റ്റിസ് ചെലമേശ്വര്‍ ഔദ്യോഗികമായി അടുത്ത മാസം 22നു വിരമിക്കും. അതിനു മുമ്പായി കൊളീജിയം ചേരാനുള്ള സാധ്യത കുറവാണ്. ചെലമേശ്വറിന്റെ ഒഴിവില്‍ സീനിയോരിറ്റിയില്‍ നിലവില്‍ ആറാംസ്ഥാനത്തുള്ള ജസ്റ്റിസ് എ.കെ സിക്രിയാവും കൊളീജിയത്തില്‍ വരിക.
തുടര്‍ന്ന് വൈകീട്ട് ഡല്‍ഹിയിലെ ലോയേഴ്‌സ് കളക്റ്റിവ് നടത്തിയ യാത്രയയപ്പു ചടങ്ങില്‍ ചെലമേശ്വര്‍ പങ്കെടുക്കുകയും ശക്തമായ വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുകയും ചെയ്തു. ഏകാധിപതികള്‍ സ്വാതന്ത്ര്യം അനുവദിച്ചാല്‍ പോലും ഭീരുക്കള്‍ക്കും വിധേയര്‍ക്കും അത് ലഭിക്കില്ല. പലരും എന്നോട് ചോദിക്കാറുണ്ട് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത് എന്തിനെന്ന് ? ജഡ്ജിമാര്‍ക്ക് വാര്‍ത്താസമ്മേളനം പാടില്ലെന്നു നിയമമില്ലല്ലോ ? മുതിര്‍ന്ന ജഡ്ജിമാര്‍ക്കൊപ്പം കോടതി നടപടികള്‍ നിര്‍ത്തിവച്ച് വാര്‍ത്താസമ്മേളനം വിളിച്ചത് അതിന്റെ അനന്തരഫലങ്ങളെ നേരിടാന്‍ ഉറച്ചുതന്നെയായിരുന്നു. ചില മൂല്യങ്ങള്‍ക്കു വേണ്ടി താന്‍ നിവര്‍ന്നു നിന്നു. തെറ്റാണെന്ന് തോന്നുന്നവയെ ചോദ്യം ചെയ്തു.
ദിവസത്തിന് ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്ന അഭിഭാഷകര്‍ ശക്തമായ നിലപാടെടുക്കുകയോ വായതുറക്കുകയും ചെയ്യുന്നില്ല. പിന്തുണ കിട്ടിയത് എപ്പോഴും യുവാക്കളില്‍ നിന്നായിരുന്നു. പ്രമുഖരായ പലരും തന്നെ വളഞ്ഞിട്ടാക്രമിച്ചു. നല്ലത് പരിപാലിക്കപ്പെടണം, സംശയകരമായത് പരിശോധിച്ച് തിരുത്തപ്പെടണം, മോശമായത് നശിപ്പിക്കപ്പെടണം. ഈ വിശ്വാസത്തിലാണ് ഇക്കാലമത്രയും പ്രവര്‍ത്തിച്ചത്. ആരോടും വ്യക്തിപരമായി വിരോധമില്ല- അദ്ദേഹം പറഞ്ഞുനിര്‍ത്തി. മുതിര്‍ന്ന അഭിഭാഷഷകരാരും ഇല്ലാതിരുന്ന വേദി ഇതോടെ ഹര്‍ഷാരവത്തോടെ എണീറ്റ് നിന്ന് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."