നഴ്സിനെ കുത്തിപ്പരുക്കേല്‍പ്പിച്ച സഊദി യുവാവ് അറസ്റ്റില്‍
ജിദ്ദ: സ്വകാര്യ ആശുപത്രിയിലെ ഫിലിപ്പിനോ മെയില്‍ നഴ്സിനെ കുത്തിപ്പരുക്കേല്‍പ്പിച്ച സഊദി യുവാവിനെ മദീന പൊലിസ് അറസ്റ്റ് ചെയ്തു. മറ്റു നഴ്സുമാരും ഡോക്ടര്‍മാരും അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയാണ് സംഭവം. മറ്റു ജീവനക്കാരാണ് പ്രതിയില്‍നിന്ന് നഴ്സിനെ രക്ഷപ്പെടുത്തിയത്. ദൃശ്യങ്ങള്‍ ആശുപത്രിയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പത്തിനാണ് ആക്രമണം.
വ്യാഴാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിലെത്തിയ യുവാവ് മെയില്‍ നഴ്സിനോട് ഇഞ്ചക്ഷന് എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇഞ്ചക്ഷന് എടുക്കാന്‍ നഴ്സ് വിസമ്മതിച്ചു. ഇതോടെ ആശുപത്രിയില്‍നിന്ന് പുറത്തുപോയ യുവാവ് രാത്രി പത്തോടെ തിരിച്ചെത്തി പോക്കറ്റില്‍ ഒളിപ്പിച്ച കത്തിയെടുത്ത് നിരന്തരം കുത്തുകയായിരുന്നു. കൃത്യത്തിനു ശേഷം ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ ഉടന്‍തന്നെ പൊലിസ് അറസ്റ്റ് ചെയ്തു. വലതുകൈക്ക് ഗുരുതരമായി പരുക്കേറ്റ നഴ്സിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
ശസ്ത്രക്രിയക്കു ശേഷം ആരോഗ്യനില ഭദ്രമായതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഡിസ്ചാര്‍ജ് ചെയ്തതായി മദീന ആരോഗ്യ വകുപ്പ് വക്താവ് ഹാതിം സമാന് പറഞ്ഞു. പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്നതിന് ആശുപത്രിയുമായും സുരക്ഷാ വകുപ്പുകളുമായും സഹകരിച്ച് അന്വേഷണ പുരോഗതി നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
വാക്കാലോ കായികമായോ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് പത്തുവര്‍ഷം വരെ തടവും പത്തുലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."