മ'ഹിമ'
സംരക്ഷണം എന്നര്‍ഥമുള്ള അറബി പദമായും മഞ്ഞെന്നര്‍ഥമുള്ള മലയാള പദമായും സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും ചുരുക്കെഴുത്തായ കാളികാവ് അടക്കാകുണ്ടിലുള്ള 'ഹിമ'യെക്കുറിച്ച് 2018 മെയ് 13ന് 'ഞായര്‍പ്രഭാത'ത്തില്‍ മുഹമ്മദ് അമാന്‍ പി.കെ എഴുതിയ കുറിപ്പ് വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. ഒട്ടനവധി അഗതി അനാഥ മന്ദിരങ്ങളുണ്ടെങ്കിലും വ്യക്തമായ ലക്ഷ്യവും കാഴ്ചപ്പാടുമായി പ്രവര്‍ത്തിക്കുന്ന ഹിമ പ്രശംസ അര്‍ഹിക്കുന്നു. നഗരങ്ങളുടെ ബഹളങ്ങളില്‍നിന്നകന്ന് ഗ്രാമപ്രദേശത്ത് സ്‌നേഹനിധികളുടെ 'ഹിമായ'ത്തിലുള്ള പ്രസ്ഥാനം നിരാശ്രയര്‍ക്ക് ആശ്രയമാകുകയാണ്.
അടക്കാകുണ്ട് ബാപ്പു ഹാജിയെന്ന മനുഷ്യസ്‌നേഹിയുടെ ദാനഫലമാണ് ഹിമയെന്നത് പുതിയ അറിവാണ്. തന്റെ ജീവിതം ഹിമയ്ക്കായി മാറ്റിവച്ച യുവപണ്ഡിതന്‍ ഫരീദ് റഹ്മാനി മാതൃകയാണ്. സാധാരണ റെസ്‌ക്യൂ, ഷെല്‍ട്ടര്‍ ഹോമുകളെക്കുറിച്ചുള്ള ലേഖനങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് നടത്തിപ്പിന്റെ പരാതിയും പരിവട്ടവും സാമ്പത്തികവും അല്ലാത്തതുമായ ആശങ്കയും പരിമിതികളും ആണു പറയാനുണ്ടാകാറുള്ളതെങ്കില്‍ അതില്‍നിന്നു വ്യത്യസ്തമായി അന്തേവാസികളുടെ സന്തോഷജീവിതമാണു ലേഖനം വരച്ചിട്ടത്. എല്ലാം ദൈവത്തില്‍ ഭരമേല്‍പിച്ച് മുന്നോട്ടു കുതിക്കുന്ന ഹിമയുടെ പ്രവര്‍ത്തകര്‍ക്ക് പ്രാര്‍ഥന കൊണ്ടും പ്രവര്‍ത്തനം കൊണ്ടും നമുക്ക് കരുത്തേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."