പുലിയെ കണ്ടെന്ന ഫോണ്‍ വിളികള്‍; വലഞ്ഞ് വനംവകുപ്പ്
കണ്ണൂര്‍: നഗരമധ്യത്തില്‍ നിന്നു പുലിയെ പിടച്ചതോടെ സമീപ പ്രദേശങ്ങളില്‍ നിന്ന് വനപാലകര്‍ക്ക് വിളിയോടു വിളിയാണ്. കഴിഞ്ഞ ഏതാനും ദിവസമായി പുലിപ്പേടിയിലാണ് സമീപ പ്രദേശങ്ങള്‍. തായത്തെരുവില്‍ നിന്നു പുലിയെ പിടികൂടിയതിനു ശേഷം കുറുവ, കുഞ്ഞിമംഗലം, കുതിരുമ്മല്‍ എന്നിവിടങ്ങളില്‍ നിന്നും പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. എല്ലായിടത്തും പുലിയെന്നു തോന്നുന്ന രീതിയില്‍ രൂപങ്ങള്‍ കണ്ടെന്നാണ് അഭ്യൂഹം. അഴീക്കോട് വായിപ്പറമ്പില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കൂട് സ്ഥാപിച്ചതിന്റെ തൊട്ടടുത്ത ദിവസം പള്ളിയാംമൂലയില്‍ പശുവിനെയും കിടാവിനെയും ചത്ത നിലയില്‍ കണ്ടെത്തി. ജനത്തെ ഭീതിയിലാക്കാന്‍ മനപൂര്‍വം ആരെങ്കിലും ചെയ്യുന്നതാണോ എന്നും ഇപ്പോള്‍ സംശയമുണ്ട്. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ പശുവിനെയും കിടാവിനെയും കൊന്നത് പുലിയല്ലെന്നു സ്ഥിരീകരിച്ചിരുന്നു. ശരീരത്തിലെ മുറിപ്പാടുകള്‍ പരിശോധിച്ചപ്പോഴാണ് ആക്രമിച്ചത് പുലിയല്ലെന്നു കണ്ടെത്തിയത്. പലരും പുലിയെ കണ്ടതായി അവകാശവാദമുന്നയിക്കുകയും ഇത്തരം അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും പടരുകയാണ്.
ഞായറാഴ്ച രാത്രി ചിറക്കല്‍, നാലുമുക്ക്, പുതിയതെരു, സിറ്റി എന്നിവിടങ്ങളിലും പുലിയെ കണ്ടതായി അഭ്യൂഹം പരന്നു. വനപാലകര്‍ ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. കാഷ്ടം, കാല്‍പ്പാടുകള്‍, പുലി വേട്ടയാടിയ മൃഗങ്ങളുടെ അവശിഷ്ടം എന്നിവയിലൂടെയാണ് സാധാരണ ഒരു പ്രദേശത്തെ പുലിയുടെ സാന്നിധ്യം ഉറപ്പിക്കുന്നത്. ഇത്തരം വസ്തുക്കളൊന്നും കണ്ണൂരിലെവിടെനിന്നും കിട്ടിയിട്ടില്ല. ഒരേ ദിവസം തന്നെ വിവിധ കേന്ദ്രങ്ങളില്‍ ഓടിയെത്തി പരിശോധന നടത്തുന്നതിലും വനപാലകര്‍ക്ക് ദുരിതമാവുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."