ദലിത് ക്രൂരതയ്‌ക്കെതിരായ പോരാട്ടത്തിന് ആസാദി മുഴക്കിയ മുഹസിന്‍ നായകനാകണം
ഇന്ത്യ കണ്ട വലിയ വിദ്യാര്‍ഥിപ്പോരാട്ടങ്ങളിളൊന്നാണ് ആസാദി മൂവ്‌മെന്റ്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍നിന്നു തുടങ്ങി ജെ.എന്‍.യുവിലൂടെ പടര്‍ന്നുപിടിച്ച വിദ്യാര്‍ഥിപ്പോരാട്ടം. രോഹിത് വെമുലയെന്ന ചെറുപ്പക്കാരന്‍ ദലിതനായതിനാല്‍ നിരന്തരപീഡനവും അവഹേളനവും സഹിച്ചു രക്ഷയ്ക്കാരുമില്ലാതെ ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ മെന്‍സ് ഹോസ്റ്റലില്‍ ജീവിതം കയറില്‍ അവസാനിപ്പിച്ചേടത്തുനിന്ന് ആരംഭിച്ച പോരാട്ടമാണു കനയ്യകുമാര്‍വരെ എത്തിനില്‍ക്കുന്ന വലിയപോരാട്ടമായി മാറിയത്, ഇന്ത്യയാകെ ശ്രദ്ധപിടിച്ചുപറ്റാനും ഇന്ത്യന്‍ ഭരണകൂടത്തിനുപോലും വെല്ലുവിളിയുയര്‍ത്താനും ഈ വിദ്യാര്‍ഥിപ്പോരാട്ടത്തിനു കഴിഞ്ഞു.
ആസാദി പോരാട്ടം കേരളത്തില്‍ എത്തിനില്‍ക്കുന്നതു പട്ടാമ്പി എം.എല്‍.എ മുഹസിന്റെ രൂപത്തിലാണ്. കനയ്യകുമാര്‍ പട്ടാമ്പിയില്‍വന്നു സമരപ്പോരാട്ടത്തിന്റെ ആസാദി ഗാനം പാടി വലിയ ആരവംതീര്‍ത്തപ്പോള്‍ രാജ്യത്തെ ദലിത്പീഡനെത്തിനെതിരായ പോരാട്ടത്തിന്റെ മലയാളിപ്രതീകമായി മുഹസിന്‍. ആ ക്രെഡിറ്റില്‍ അദ്ദേഹം നിയമസഭയിലുമെത്തി.
തലശ്ശേരിയിലെ ദലിത് കുടുംബം സി.പി.എം പ്രാദേശികനേതാക്കളില്‍നിന്ന് ഏല്‍ക്കുന്ന പീഡനം സംബന്ധിച്ച കേള്‍ക്കുമ്പോള്‍ ഒരു ആസാദി മുദ്രാവാക്യം കേരളത്തിലും പിറക്കണമെന്നും എം.എല്‍.എ മുഹസിന്‍ അതിനു നേതൃത്വം നല്‍കണമെന്നും ജനം ആഗ്രഹിക്കുന്നു.
അഞ്ജനയും അഖിലയുമെന്ന രണ്ടുയുവതികള്‍ തങ്ങളുടെ പാര്‍ട്ടി ഗ്രാമത്തിലെ ഓഫിസില്‍ കയറി തങ്ങളുടെ പ്രവര്‍ത്തകന്റെ തല അടിച്ചുപൊട്ടിച്ചുവെന്നാണ് സി.പി.എമ്മുകാരുടെ വാദം. തലപൊട്ടിയ സഖാവിനെയോ അയാളുടെ പരുക്കുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റോ പുറത്തുകാണിക്കാതെവയ്ക്കാന്‍ അതു പിണറായി മന്ത്രിസഭയുടെ രഹസ്യരേഖയൊന്നുമല്ലല്ലോ.
അച്ഛനെ മര്‍ദിച്ചതിനെക്കുറിച്ചു ചോദിക്കാന്‍ സി.പി.എം ഓഫിസില്‍ച്ചെന്ന തങ്ങളെ കസേരകൊണ്ടു മര്‍ദിച്ചുവെന്നും പീന്നീട് വീടാക്രമിച്ചുവെന്നും അവര്‍ സ്ഥിരമായി തങ്ങളെ അക്രമിക്കാറുണ്ടെന്നും അച്ഛനെ വെട്ടിയിട്ടുണ്ടെന്നും ജാതിപറഞ്ഞു കളിയാക്കാറുണ്ടെന്നുമൊക്കെയാണ് യുവതികളുടെ ആരോപണം.
അതിനു സി.പി.എം നല്‍കുന്ന ബലഹീനമായ മറുപടി യുവതികളുടെ വാദത്തിനു വിശ്വാസ്യതവര്‍ധിപ്പിക്കുന്നു. സംഭവം നടന്നു ദിവസങ്ങളായിട്ടും കേരള മുഖ്യന്‍ തന്റെ മണ്ഡലത്തിലും അതിന്റെ പരിസരത്തും നടന്ന ഈ ക്രൂരതകളൊന്നും അറിഞ്ഞിട്ടില്ലെന്നുമാണു പത്രക്കാരോടു പറഞ്ഞത്. ആ മറുപടി സഖാക്കള്‍ നല്‍കിയ മുഖ്യനു നല്‍കിയ 'ഇരട്ടച്ചങ്കുള്ള പിണറായി' എന്ന പേരു ശരിവയ്ക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."