കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും
കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാനായി മാറ്റി. ഇന്നലെ രാവിലെ ജാമ്യഹരജി പരിഗണിച്ച ഹൈക്കോടതി കൃഷ്ണദാസിനു ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ അടങ്ങിയ പരാതി പരിഗണിച്ച പൊലിസ് എന്തുകൊണ്ടാണ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതെന്നു വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.
ഹരജിക്കാരനു നല്കിയ നോട്ടിസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഒപ്പിട്ടിട്ടുണ്ടെന്നും ഇത്തരം സാഹചര്യത്തില്‍ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതെന്തിനെന്നു വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വിശദീകരണത്തിനായി ഉച്ച കഴിഞ്ഞ് ഹരജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
പിന്നീട് ഉച്ച കഴിഞ്ഞ് ഹരജി പരിഗണിക്കവെ കൃഷ്ണദാസിന്റെ ഹരജി കീഴ് കോടതി ഇപ്പോള്‍ പരിഗണിക്കുകയാണെന്നും ഇതിന്റെ വിധി വന്നതിനു ശേഷം ഹൈക്കോടതിയിലെ ഹരജി പരിഗണിക്കാമെന്നും ഹരജിക്കാരന്റെ അഭിഭാഷകന് കോടതിയില്‍ അറിയിക്കുകയായിരുന്നു.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഇന്ന് അടച്ചിടും
കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടച്ചിടും.
കൊച്ചിയില്‍ ചേര്‍ന്ന കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ് കണ്‍സോര്‍ഷ്യത്തിന്റെ യോഗമാണ് സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ 1189 സ്വാശ്രയ കോളജുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ലെന്ന് കണ്‍സോര്‍ഷ്യം വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. ജോറി മത്തായി പറഞ്ഞു. കൃഷ്ണദാസിന്റെ അറസ്റ്റ് അനാവശ്യമാണെന്ന് യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."