ഉദയംപേരൂരിലെ സി.പി.എം വിമതര്‍ക്ക് പദവികള്‍ നല്‍കുന്നതിനെതിരേ പ്രാദേശിക സി.പി.ഐ നേതൃത്വം
കൊച്ചി: സി.പി.ഐയില്‍ ചേക്കേറാനൊരുങ്ങുന്ന ജില്ലയിലെ വി.എസ് പക്ഷക്കാരായ സി.പി.എം വിമത നേതാക്കള്‍ക്ക്് അധികാര സ്ഥാനങ്ങള്‍ നല്‍കുന്നതിനെതിരെ സി.പി.ഐ പ്രാദേശിക ഘടകം.
ഉദയംപേരൂരിലെ വിമത സി.പി.എം നേതാവായ ടി രഘുവരന്‍, ഇദ്ദേഹത്തോടൊപ്പമുള്ള അഡ്വ. വി കെ കിഷോര്‍, അഡ്വ. വി വി പ്രകാശന്‍ എന്നിവരോടാണ് സി.പി.ഐ മണ്ഡലം കമ്മിറ്റി നേതൃത്വം കടുത്ത നിലപാടിലേക്ക്് നീങ്ങുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ ലോക്കല്‍ ജനറല്‍ ബോഡി യോഗത്തില്‍ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ സി.പി.ഐ നേതാക്കള്‍ ഇവരെ പാര്‍ട്ടിയില്‍ എടുക്കുന്നതിനോടുള്ള വിയോജിപ്പ് വ്യക്തമാക്കി.
ഉദയംപേരൂരില്‍ സി.പി.ഐ- സി.പി.എം ബന്ധം വഷളാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് വിമത നേതാവെന്ന് സി.പി.ഐ നേതാക്കള്‍ പറയുന്നു. ഉദയംപേരൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായ ഇദ്ദേഹം സി.പി.എമ്മിലെ അധികാര കേന്ദ്രമായിരുന്ന കാലത്ത് പഞ്ചായത്തില്‍ സി.പി.ഐയും സി.പി.എമ്മും നേര്‍ക്കു നേര്‍ മത്സരിക്കുന്ന സാഹചര്യമായിരുന്നു. പിന്നീട് ഇദ്ദേഹം സി.പി.എമ്മില്‍ നിന്ന് അകന്ന ശേഷമാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും മുന്നണിയായി മത്സരിച്ചത്.
എന്നാല്‍ വിമതരുടെ പ്രവര്‍ത്തനം മൂലം പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമാകുകയും ചെയ്തു. വിമത നേതാവിന്റെ നേതൃത്വത്തില്‍ സി.പി.ഐയുടെ കൊടിമരം പിഴുത സംഭവവും മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിമര്‍ശകര്‍ എടുത്തുകാട്ടി.
നേരത്തെ സി.പി.ഐയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് സി.പി.എമ്മില്‍ ചേര്‍ന്നവരാണ് വിമത നേതാവിനൊപ്പം സി.പി.ഐയില്‍ തിരിച്ചുവരാനൊരുങ്ങുന്ന മറ്റ് രണ്ടു പേര്‍. മണ്ഡലം സെക്രട്ടറിയെ തല്ലിയ സംഭവവും ഇവരോടുള്ള എതിര്‍പ്പിന് കാരണമാണ്.
ഈ മൂന്നു പേരൊഴികെ സി.പി.എമ്മില്‍ നിന്ന് ആരെയും സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് മണ്ഡലം നേതൃത്വത്തിന്റെ നിലപാട്. സ്ഥാന മാനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവര്‍ സി.പി.ഐയിലേക്ക് വരുന്നതെന്ന് നേതാക്കള്‍ ആരോപിക്കുന്നു.
വെയര്‍ഹൗസിങ് കോര്‍പറേഷന്റെയോ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെയോ ചെയര്‍മാന്‍ സ്ഥാനമോ സി.പി.ഐയുടെ മത്സ്യത്തൊഴിലാളി സംഘടനയുടെ സെക്രട്ടറി സ്ഥാനമോ ലഭിക്കാനാണ് വിമത നേതാവ് വിലപേശുന്നതത്രെ. ഗവണ്‍മെന്റ് പ്ലീഡര്‍ പദവിയാണ് മറ്റ് രണ്ടു പേരുടെ ലക്ഷ്യമെന്നും ഇവര്‍ ആരോപിക്കുന്നു.
അധികാര സ്ഥാനങ്ങളില്ലാതെ സാധാരണ അംഗമായാണ് ഇവര്‍ വരുന്നതെങ്കില്‍ സ്വാഗതം ചെയ്യുന്നതായും മണ്ഡലം നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. പ്രാദേശികമായ എതിര്‍പ്പ് കൂടി കണക്കിലെടുത്ത് വിഷയം സംസ്ഥാന കൗണ്‍സിലിന് വിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."