ടോള്‍ പ്ലാസയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സെക്യൂരിറ്റി മര്‍ദിച്ചു
പുതുക്കാട്: പാലിയേക്കര ടോള്‍ പ്ലാസയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരനായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ ടോള്‍ കമ്പനി ജീവനക്കാരന്‍ മര്‍ദിച്ചതായി പരാതി. മൂവാറ്റുപുഴ പണ്ടിപ്പിള്ളി ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസറായ എം.കെ ഹസൈനര്‍ക്കാണു മര്‍ദ്ദനമേറ്റത്.
ഇന്നലെ വൈകീട്ടു നാലോടെയായിരുന്നു സംഭവം. വരിനില്‍ക്കാതെ കടന്നു പോകാനുള്ള ഫാസ്റ്റ് ടാഗ് പാസുമായി പൊന്നാനിയിലേക്കു കുടുംബത്തോടൊപ്പം പോകുന്നതിനിടെയാണു ടോള്‍ പ്ലാസയില്‍ ജീവനക്കാരന്‍ കാര്‍ തടഞ്ഞത്.
ഫാസ്റ്റ് ടാഗ് പാസുള്ള വാഹനങ്ങള്‍ കടന്നു പോകുന്നതിനുള്ള പ്രത്യേക ട്രാക്കിലൂടെയുള്ള ഗതാഗതം വീപ്പകള്‍ നിരത്തി തടസപ്പെടുത്തിയിരിക്കുകയായിരുന്നു. രൂക്ഷമായ ഗതാഗതക്കുരുക്കിലും മറ്റൊരു ട്രാക്കിലൂടെ കടന്നു പോകാനായി ഫാസ്റ്റ് ടാഗ് പാസ് ജീവനക്കാരനു നല്‍കിയിട്ടും കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നുവെന്നു ഹസൈനാര്‍ പറഞ്ഞു.
പുതിയ കാര്‍ വാങ്ങിയപ്പോള്‍ ഫാസ്റ്റ് ടാഗ് ആനുകൂല്യം ലഭിച്ച പാസാണു ജീവനക്കാരനു നല്‍കിയത്. ഈ പാസിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ജീവനക്കാരന്‍ കാറിന്റെ ഡോര്‍ ബലമായി തുറന്നു അസഭ്യം പറഞ്ഞു ഹസൈനാരെ കഴുത്തില്‍ കുത്തിപിടിക്കുകയും മുഖത്തു അടിക്കുകയും ചെയ്തുവെന്നു പറയുന്നു.
ഇതിനിടെ സംഭവം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഹസൈനാരുടെ മകനെ ജീവനക്കാരന്‍ ഭീക്ഷണിപെടുത്തിയതായും പറയുന്നു. ഇതുകണ്ടു ഹസൈനാരുടെ ഭാര്യ നിലവിളിച്ചതോടെ ജീവനക്കാരന്‍ മാറിപോകുകയായിരുന്നു.
പിന്നീടു ഹസൈനാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പുതുക്കാട് പൊലിസ് ജീവനക്കാരനായ ആന്റണിയെ കസ്റ്റഡിയില്‍ എടുത്തു.
മര്‍ദനമേറ്റ ഹസൈനാര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."