പൊതുസ്ഥലത്തെ പുകവലിക്ക് എക്‌സൈസ് വകുപ്പ് അമിത പിഴ ഈടാക്കിയതു വിവാദമാകുന്നു
തൊടുപുഴ: പൊതുസ്ഥലത്തെ പുകവലിക്ക് തൊടുപുഴയില്‍ എക്‌സൈസ് വകുപ്പ് അമിത പിഴ ഈടാക്കിയതു വിവാദമാകുന്നു. സംഭവത്തില്‍ നിന്നും തടിയൂരാന്‍ എക്‌സൈസ് ഉന്നത സംഘം തന്നെ രംഗത്തിറങ്ങിയപ്പോള്‍ വ്യാജരേഖ ചമച്ചതാര് എന്ന ചോദ്യം ഉയരുന്നു. പുകവലിച്ചതിനു യുവാവിനു ലഭിച്ച രസീതില്‍ 2000 രൂപയാണ് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കുന്നത്.
നഔദ്യോഗികമായി ഇതു ഡ്യൂപ്ലിക്കേറ്റാണെന്നും രേഖപ്പെടുത്തിരിക്കുന്നു. എന്നാല്‍ എക്‌സൈസ് വകുപ്പ് ഒറിജനല്‍ രസീത് പുറത്തിറക്കി 200 രൂപ മാത്രമേ പിഴയിടാക്കിയിട്ടുള്ളൂവെന്നു സമര്‍ഥിക്കുന്നു. തൊടുപുഴ സ്വദേശി മുനീറിനാണ് തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിന്റെ രസീതില്‍ 2000 രൂപ പിഴയിട്ടത്. പൊതു സ്ഥലത്ത് പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം വിലക്കുന്ന 2003 ലെ കോട്പ നിയമപ്രകാരമാണ് ഈ കനത്ത പിഴയെന്നാണ് രസീതില്‍ പറയുന്നത്. അതേ സമയം യഥാര്‍ഥത്തില്‍ നിയമപ്രകാരം ചുമത്താവുന്ന പരമാവധി പിഴ 200 രൂപ മാത്രമാണ്. ബുക്ക് നമ്പര്‍ 6097 ലെ ബി.പി 609700 നമ്പര്‍ രസീതാണ് നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് ആറിനാണ് കാഞ്ഞിരമറ്റം റോഡിലെ കടയ്ക്ക് പിന്നില്‍ നിന്നും സിഗരറ്റ് വലിക്കുകയായിരുന്ന മുനീറിനെയും സുഹൃത്തിനേയും ജീപ്പിലെത്തിയ എക്‌സൈസ് സംഘം പിടിച്ചത്. പുകവലിച്ചതിന് 2000 രൂപ പിഴയൊടുക്കണമെന്നും ഇല്ലെങ്കില്‍ ജീപ്പില്‍ കയറാനുമായിരുന്നു നിര്‍ദേശം. ഇവരുടെ ചിത്രം പകര്‍ത്താനും ശ്രമിച്ചു. ഭയന്ന യുവാക്കള്‍ 2000 രൂപ നല്‍കി.
പിന്നീട് ഇവര്‍ അന്വേഷിച്ചപ്പോഴാണ് യഥാര്‍ഥത്തില്‍ പിഴ 200 രൂപ മാത്രമേ ഉള്ളൂവെന്ന് വ്യക്തമായത്. ഇതേ സമയം 200 രൂപ മാത്രമേ ഈടാക്കിയിട്ടുള്ളൂവെന്നും എഴുതിയ ഉദ്യോഗസ്ഥര്‍ക്കു തെറ്റിയതാണെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിലപാട്.
സാധാരണനിലയില്‍ ഒറിജിനല്‍ രേഖയാണ് എക്‌സൈസ് വകുപ്പ് പിഴ ഒടുക്കുന്നവര്‍ക്ക് നല്‍കുന്നത്. ഇവിടെ നല്‍കിയിരിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് കോപ്പിയാണ്. എന്നാല്‍ എക്‌സൈസ് വകുപ്പ് 200 രൂപ മാത്രമേ വാങ്ങിയിട്ടുള്ളൂവെന്നു സമര്‍ഥിച്ചു കൊണ്ടു രംഗത്തിറങ്ങിയിരിക്കുന്നതു ഒറിജിനല്‍ കോപ്പിയാണ്. രണ്ട് പേപ്പറിലും എഴുതി ചേര്‍ത്തിരിക്കുന്നതില്‍ അബദ്ധം ധാരാളമുണ്ട്. തിയതി പോലും എഴുതിയിരിക്കുന്നതു രണ്ട് രീതിയിലാണ്.
അക്ഷരങ്ങളുടെ വലിപ്പത്തിലും വ്യത്യാസമുണ്ട്. ഇവിടെ തട്ടിപ്പ് നടത്തിയതാര് എന്ന ചോദ്യമാണ് സമൂഹം ചോദിക്കുന്നത്. യുവാക്കള്‍ വ്യാജ രേഖ ചമച്ചതെങ്കില്‍ ഇതു കണ്ടുപിടിക്കാന്‍ അധികാരികള്‍ക്ക് ശാസ്ത്രിയ പരിശോധനയിലൂടെ സാധിക്കും. ഇതിനൊന്നും തയാറാകാതെ സംഭവത്തെ ലഘുകരിക്കാനാണ് ശ്രമം നടക്കുന്നതെന്ന അക്ഷേപമുണ്ട്.
സംഭവത്തെ സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. സത്യം അറിയിക്കൂവെന്നാണ് സോഷ്യല്‍മിഡിയ പറയുന്നത്. ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മിലുള്ള ശീതസമരത്തില്‍ ആര് ജയിക്കുമെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."