വിദ്വേഷം ചീറ്റുന്ന രാഷ്ട്രീയം
പ്രധാനമന്ത്രിക്ക് നിരക്കാത്ത വാക്കുകളിലൂടെ നരേന്ദ്രമോദി, പ്രതിപക്ഷ നേതാക്കളെ അവഹേളിക്കുന്നുവെന്ന് കോണ്‍ഗ്രസ്. എന്നാല്‍ ഇത് തുടങ്ങിവച്ചത് കോണ്‍ഗ്രസ് ആണെന്ന് ബി.ജെ.പി. നമ്മുടെ രാഷ്ട്രീയം എവിടേക്കാണ് പോകുന്നത്?
'നാവടക്കൂ, പണിയെടുക്കൂ' എന്ന മുദ്രാവാക്യം ഏറെ കേട്ടത് അടിയന്തരാവസ്ഥ കാലത്തായിരുന്നെന്നു തോന്നുന്നു. തെരുവായ തെരുവുകളിലെല്ലാം ഉച്ചഭാഷിണികള്‍ കെട്ടി , പരസ്പരം ചീത്ത പറഞ്ഞു നടന്നിരുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ഒരു കടിഞ്ഞാണിടാന്‍ അക്കാലത്ത് അത് സഹായകമായി എന്നത് മറക്കാവുന്നതല്ല.
ശബ്ദശല്യം രാഷ്ട്രീയക്കാരുടെ മാത്രം സംഭാവനയല്ല. 'അപേക്ഷിക്കുന്നു, 'അഭ്യര്‍ഥിക്കുന്നു' എന്ന തരത്തിലുള്ള മൈക്ക് ഘോഷങ്ങള്‍ തെരഞ്ഞെടുപ്പ് കാലങ്ങളിലാണ് ഏറെ കേള്‍ക്കാറ് എന്നത് സത്യം. എന്നാല്‍ ഏത് ചെറിയ പരിപാടിക്കും ആളെ കൂട്ടാന്‍ വാഹന പ്രചാരണജാഥ എന്ന പേരില്‍ ഒച്ച മാഹാത്മ്യം നടത്തുന്നത് ഇന്നു നാട്ടിന്‍പുറങ്ങളില്‍ പോലും സര്‍വസാധാരണം.
ലോട്ടറിക്കാരന്റെ ടിക്കറ്റ് വില്‍പനയായാലും ബസ് സ്റ്റേഷനുകളില്‍ നിന്നുള്ള അറിയിപ്പുകളായാലും ശബ്ദഘോഷത്തിനു എവിടെയും കുറവില്ല. പ്രാര്‍ഥനാലയങ്ങള്‍ക്കകത്ത് കാത് കൂര്‍പ്പിച്ച് ഇരിക്കുന്നവര്‍ മാത്രം കേള്‍ക്കേണ്ട പ്രസംഗങ്ങള്‍ പുറത്തേക്ക് സ്പീക്കര്‍ വച്ച് രാവെന്നോ പകലെന്നോ ഉള്ള വ്യത്യാസം കൂടാതെ വിളിച്ചുകൂവുന്നതും നാട്ടുനടപ്പു തന്നെ. ഓടുന്ന ബസുകളില്‍ ഇരിക്കുന്ന യാത്രക്കാരന്റെ മാനസിക വേദനകള്‍ക്കും വികാര വിചാരങ്ങള്‍ക്കും പരിഗണന നല്‍കാതെ അത്യുച്ചത്തില്‍ പാട്ടുകള്‍ വയ്ക്കുന്ന രീതിയും വ്യാപകം. വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുക എന്നത് കഴിഞ്ഞ കുറേ കാലമായി രാഷ്ട്രീയക്കാരുടെയൊക്കെ സ്വഭാവമാണ്. ഇക്കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കള്‍ എന്തൊക്കെയാണ് ആര്‍ത്തുവിളിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്?
ഒടുവില്‍ സഹികെട്ട കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അതൊക്കെയും രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പെടുത്തുകയുമുണ്ടായി. പ്രധാനമന്ത്രിയുടെ ഭാഷയിലല്ല, നരേന്ദ്രമോദി സംസാരിക്കുന്നതെന്നാണ് മെയ് 13ന് മന്‍മോഹന്‍സിങ്ങിനു പുറമെ ഗുലാംനബി ആസാദ്, എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍, പി. ചിദംബരം തുടങ്ങിയവരൊക്കെ ഒപ്പിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനമായി സമര്‍പ്പിച്ചത്.
മെയ് 6ന് കര്‍ണാടകയിലെ ഹുബ്ലിയില്‍ ചെയ്ത പ്രസംഗത്തില്‍ മോദി ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്ന് അവര്‍ പ്രത്യേകം ചൂണ്ടിക്കാട്ടി. ഹുബ്ലി പ്രസംഗത്തിന്റെ സി.ഡിയും കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിക്കു നല്‍കി. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ മോദി സംസാരിച്ച കാര്യവും കത്തില്‍ പറയുന്നുണ്ട്. പാകിസ്താനുമായി ഗൂഢാലോചന നടത്തി, തന്നെ പുറത്താക്കാന്‍ മന്‍മോഹന്‍സിങ് ശ്രമിച്ചുവെന്നും അതാണ് പാര്‍ലമെന്റ് സ്തംഭനത്തിലേക്കെത്തിച്ചതെന്നും മോദി പറഞ്ഞതായി അവര്‍ ചൂണ്ടിക്കാട്ടി.
ഒടുവില്‍ ബി.ജെ.പിയുടെ രാജ്യസഭാ കക്ഷി നേതാവായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തിയതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നൂറു കോടിയിലേറെ ജനങ്ങളുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഭരണഘടനയനുസരിച്ച് അധികാരമേറ്റ ഒരു പ്രധാനമന്ത്രിയുടെ ഭാഷയല്ല ഇതെന്നും അതിനാല്‍ രാഷ്ട്രപതി ഇടപെട്ട് നരേന്ദ്രമോദിയെ താക്കീത് ചെയ്യണമെന്നും ആ കത്തില്‍ അഭ്യര്‍ഥിക്കുകയുണ്ടായി. എന്നാല്‍ ഈ വാര്‍ത്ത അറിഞ്ഞ ഉടനെ ബി.ജെ.പി ശക്തിയായി പ്രതികരിച്ചു. വ്യക്തിഹത്യ തുടങ്ങിയത് കോണ്‍ഗ്രസാണെന്നും അവര്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മരണത്തിന്റെ കാവല്‍ക്കാരന്‍ (മൗത്ത് കാ സൗദാഗര്‍) എന്നു വിളിച്ചത് അന്നു കോണ്‍ഗ്രസ് പ്രസിഡന്റായ സോണിയാ ഗാന്ധി ആണെന്നവര്‍ പറഞ്ഞു.
അധമന്‍ എന്ന നിലയില്‍ 'നീച്' എന്ന മോദിയെ വിശേഷിപ്പിച്ചത് ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവല്ലേ എന്നവര്‍ ചോദിച്ചു.
എന്നാല്‍ ഇങ്ങനെ ഒരു പദപ്രയോഗം നടത്തിയതിനു മണിശങ്കര്‍ അയ്യര്‍ ഖേദം പ്രകടിപ്പിച്ചിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു എന്ന കാര്യം ബി.ജെ.പി പറയുന്നില്ല.മറ്റൊരു കോണ്‍ഗ്രസ് നേതാവ് മോദിയോട് പറഞ്ഞത്, രാജ്യം ഭരിക്കാനറിയില്ലെങ്കില്‍ ചായക്കട തുടങ്ങിക്കൂടെ എന്നായിരുന്നില്ലേ എന്നും ബി.ജെ.പി നേതാക്കള്‍ ചോദിക്കുന്നു.
ചരക്കു സേവന നികുതി എന്ന ജി.എസ്.ടിയെ ഗബ്ബര്‍സിങ് ടാക്‌സ് എന്നു വിശേഷിപ്പിച്ചത് രാജീവ് ഗാന്ധി അല്ലേ എന്നും ബി.ജെ.പി നേതാക്കള്‍ ചോദിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിപദം ഒരു കുടുംബത്തില്‍പെട്ടവര്‍ക്ക് മാത്രമേ ആകാവൂ എന്നു കരുതിയിരുന്നവര്‍ക്ക് പാവപ്പെട്ട ഒരു കുടുംബത്തില്‍ പിറന്ന ഒരാള്‍ ആ പദവി വഹിക്കുന്നത് സഹിക്കാനാവാത്തതാണെന്ന് ബി.ജെ.പി നേതാക്കളായ സുധാന്‍ശു ത്രിവേദിയും ഷാനവാസ് ഹുസൈനും കുറ്റപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ സോണിയാ ഗാന്ധിയെ ഇറ്റാലിയന്‍ ജഴ്‌സി പശു എന്നു പ്രധാനമന്ത്രി വിളിച്ചിരുന്നില്ലേ എന്നു കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചതിനു ബി.ജെ.പി മറുപടി പറഞ്ഞിട്ടില്ല. കേന്ദ്രമന്ത്രി ആയിരുന്ന ഡോ. ശശി തരൂരിന്റെ ഭാര്യ പരേതയായ സുനന്ദ പുഷ്‌കറിനെക്കുറിച്ച് '150 കോടി രൂപയുടെ ഗേള്‍ഫ്രന്റ്' എന്നു വിശേഷിപ്പിച്ചത് ആരായിരുന്നുവെന്നതിനു മറുപടി ഇല്ല. മുന്‍ ബി.ജെ.പി നേതാവായ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ചെന്നൈയില്‍ ഒരു പത്രസമ്മേളനത്തിനിടയില്‍ ഒരു വനിതാ പത്രപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയതിനെ ന്യായീകരിച്ച് ബി.ജെ.പി എം.പിയായ ഒരു ചലച്ചിത്രനടന്‍ പറഞ്ഞത്, ആരോടെങ്കിലും ഒപ്പം കിടക്കാതെ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയും വളര്‍ന്നു വലുതായിട്ടില്ല എന്നായിരുന്നു. ലോക ബാങ്ക് കേരളത്തെ സഹായിച്ചില്ല എന്ന പേരില്‍ പ്രസിഡന്റ് ഡോ. ബര്‍ണാര്‍ഡ് അറിതുവയെ ആഫ്രിക്കന്‍ അമേരിക്കക്കാരനായ നീഗ്രോ എന്നു അവഹേളിച്ചത് കേരളത്തിന്റെ ഒരു മന്ത്രി ആയിരുന്നു.
മാധ്യമപ്രവര്‍ത്തകരോട് ഒരിക്കലല്ല, രണ്ടു തവണ 'കടക്ക് പുറത്ത്' എന്നു പറയാനുള്ള ധാര്‍ഷ്ട്യം കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഉണ്ടായത് നമ്മുടെ നിര്‍ഭാഗ്യം.ആഫ്രിക്കയില്‍ നിന്നു വന്നവര്‍ മലദ്വാരത്തിലൂടെ എത്തിയതാണെന്ന ധാര്‍ഷ്ട്യം പ്രകടിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലവാരത്തിലേക്കൊന്നും നാം താണുപോയിട്ടില്ലായിരിക്കാം. എങ്കിലും ഇലക്ഷന്‍ കമ്മിഷന്‍ മുമ്പാകെ കഴിഞ്ഞ മാസം സമര്‍പ്പിക്കപ്പെട്ട ഒരു ഔദ്യോഗിക രേഖ നമ്മെ നാണം കെടുത്തുന്ന ഒന്നാണ്. 15 എം.പിമാരടക്കം 58 ജനപ്രതിനിധികള്‍ മോശമായ പ്രസംഗത്തിനു (ഹെയ്റ്റ് സ്പീച്ച്) കേസുകള്‍ നേരിടുന്നവരാണ് എന്നതാണത്. ഇതില്‍ കേന്ദ്രമന്ത്രിയായ ഉമാഭാരതിയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എട്ടു മന്ത്രിമാരും ഉള്‍പ്പെടുന്നു. ഇങ്ങനെ മോശമായി പ്രസംഗിച്ചു നടന്നതിനു കേസില്‍പെട്ട 198 പേര്‍ക്ക് വിവിധ കക്ഷികള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ടിക്കറ്റ് നല്‍കിയെന്നും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച 'ടൈംസ് ഓഫ് ഇന്ത്യ' പത്രം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."