അവഗണനയുടെ ചുഴിയില്‍ അരിപ്പാറ: അപകട ചുഴിയില്‍ വിനോദ സഞ്ചാരികള്‍
തിരുവമ്പാടി: അധികൃതരുടെ കടുത്ത അവണന നേരിടുകയണ് അരിപ്പാറ വെള്ളച്ചാട്ടം. ദുര്‍ഘടവും അപകടകരവുമായ റോഡ് താണ്ടി വേണം വെള്ളച്ചാട്ടം കാണാന്‍ . ജില്ലയില്‍ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ചെലവില്‍ അപകടകാരിയായിട്ട് വര്‍ഷങ്ങളായി.
അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത അരിപ്പാറ വെള്ളച്ചാട്ടം കാണാന്‍ ശരാശരി 300 ഓളം ആളുകള്‍ ദിനം പ്രതി എത്തുന്നുണ്ടെന്നാണ് കണക്ക്. ഇത് അവധി ദിവസമാകുമ്പോള്‍ 500 കവിയും. ഇവര്‍ക്ക് മതിയായത്ര സുരക്ഷയോ സൗകര്യങ്ങളോ നിലവിലില്ല.
അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ 2012 ല്‍ നിര്‍മാണം ആരംഭിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ കെട്ടിടം നോക്കു കുത്തിയായി. തുടര്‍ പ്രവൃത്തിയും നിലച്ചു.
ഇതിനു പുറമെ ശുചിമുറി ബ്ലോക്ക്, പവിലിയന്‍, നടപ്പാത, റോഡില്‍ ഇന്റര്‍ലോക്ക് പതിക്കല്‍, പുഴയോരങ്ങളിലെ സുരക്ഷാ വേലികള്‍, ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ മുതലായ പദ്ധതികളെല്ലാം പാളി.
അരക്കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് ടൂറിസം വകുപ്പ് അരിപ്പാറയില്‍ തുടങ്ങിയത്. നിര്‍മാണ ജോലികള്‍ സര്‍ക്കാര്‍ ഏജന്‍സി തന്നെയായ സിഡ്‌കൊയാണ് ഏറ്റെടുത്ത് നടത്തുന്നത്. തിരുവമ്പാടി ആനക്കാം പൊയില്‍ റോഡില്‍ നിന്ന് അരിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായതിനാല്‍ അപകടങ്ങളും പതിവായി. കുണ്ടും കുഴിയും ഇറക്കവും നിറഞ്ഞ റോഡില്‍ നിന്ന് കഴിഞ്ഞയാഴ്ച നിയന്ത്രണം വിട്ട ബൈക്ക് ചെന്ന് വീണത് ടിക്കറ്റ് കൗണ്ടറിന്റെ മുന്നിലേക്കായിരുന്നു. ബൈക്ക് യാത്രികര്‍ക്ക് അന്ന് ഗുരുതരമായി പരുക്കേറ്റിരുന്നു.
നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ കെട്ടിടങ്ങളെല്ലാം നശിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ് മുപ്പതുലക്ഷത്തോളം രൂപ വാങ്ങി കരാറുകാരന്‍ മൂന്ന് കെട്ടിടങ്ങളുടെയും നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയതിനാല്‍ കാടുകയറിയ കെട്ടിടങ്ങള്‍ മദ്യപര്‍ താവളമാക്കി.
വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാത്തതിനാല്‍ 23 പേരുടെ ജീവന്‍ ഇതു വരെ അരിപ്പാറയില്‍ പൊലിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാറയില്‍ നിന്ന് തെന്നി പുഴയില്‍ വീണ കുറ്റിക്കാട്ടൂര്‍ സ്വദേശിയുടെ മൃതദേഹം ഇനിയും കണ്ടുകിട്ടിയിട്ടില്ല. പൊലിസ് അന്വേഷണവും നിര്‍ത്തി.
അടിസ്ഥാന സൗകര്യമില്ലാത്തത് ജീവനക്കാരെയും വലയ്ക്കുന്നു. ടിക്കറ്റ് കൗണ്ടറില്‍ പോലും വൈദ്യുതി കണക്ഷനില്ല. രാവിലെ മുതല്‍ വൈകിട്ട് വരെ തുഛമായ ശമ്പളത്തില്‍ കൊതുകിന്റെ കടിയും ചൂടും സഹിച്ചാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ടോയ്‌ലെറ്റ്, ഡ്രസിങ് റൂം, ഭക്ഷണ സൗകര്യം പോലും നിലവില്‍ ഇവിടുത്തെ ജീവനക്കാര്‍ക്കില്ല.
തകര്‍ന്ന റോഡിലൂടെ വരുന്ന വിനോദ സഞ്ചാരികള്‍ വഴക്ക് പറയുന്നത് പതിവാണെന്നും ഇവര്‍ പറയുന്നു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തതിന്റെ പഴിയും ജീവനക്കാര്‍ കേള്‍ക്കേണ്ടി വരുന്നു. വാങ്ങുന്ന ഫീസിന്റെ ഒരു വിഹിതമെടുത്തിട്ടെങ്കിലും റോഡ് നന്നാക്കിക്കൂടെ എന്ന ചോദ്യത്തിന് പക്ഷെ ഉത്തരമില്ല.
അര ലക്ഷത്തിലധികം രൂപ മാസാമാസം ഡി.ടി.പി.സിക്ക് നല്‍കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കാത്തതില്‍ വിനോദ സഞ്ചാരികളും നാട്ടുകാരും അമര്‍ഷത്തിലാണ്. ഏത് നിമിഷവും അപകടം പതിയിരിക്കുന്ന വെള്ളച്ചാട്ടവും കൂടിയാണ് അരിപ്പാറ. മഴക്കാലമായാല്‍ സന്ദര്‍ശക ഒഴുക്ക് വര്‍ധിക്കും. അപകടം സംഭവിച്ചാല്‍ വെള്ളച്ചാട്ടത്തിനടുത്ത് പൊലിസിനോ, ഫയര്‍ എന്‍ജിനോ എത്താനുള്ള റോഡുമില്ല. നാല് ഗൈഡെങ്കിലും വേണ്ടിടത്ത് രണ്ട് പേര്‍ മാത്രമേ ഉള്ളൂ. ക്ലീനിങ് സ്റ്റാഫ് ഇല്ല താനും.
അപ്രതീക്ഷിത മലവെള്ളപ്പാച്ചിലാണ് അരിപ്പാറയിലേത്. വെള്ളരിമലയില്‍ നിന്നാണ് അരിപ്പാറയിലെ വെള്ളത്തിന്റെ ഉല്‍ഭവം. ശേഷം മറിപ്പുഴ, കുണ്ടംതോട്, നടുക്കണ്ടം പുഴ, കണിയാട് പുഴ എന്നീ നാല് പുഴകള്‍ ചേര്‍ന്നാണ് ഇരുവഴിഞ്ഞിപ്പുഴയിലെയും അരിപ്പാറയിലേയും വെള്ളം ഉണ്ടാകുന്നത്. ഒരു വര്‍ഷ കാലം കൂടി അടുക്കുമ്പോള്‍ ഭീതിയോടെയാണ് നാട്ടുകാര്‍ അരിപ്പാറയെ കാണുന്നത്.
തകര്‍ന്ന റോഡുകള്‍ പുനരുദ്ധരിക്കാന്‍ ഫണ്ടില്ലെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. പഞ്ചായത്തില്‍ നിന്ന് ശ്രമിക്കുന്നുണ്ടെന്ന് വാര്‍ഡ് മെംബര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."