തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രം: ലാബിന് സൗകര്യമൊരുക്കിയ കെട്ടിടം നോക്കുകുത്തിയായി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് സൗകര്യമൊരുക്കുന്നതിനായി നിര്‍മിച്ച കെട്ടിടം നോക്കുകുത്തിയാവുന്നു.83 ചതുരശ്ര കി.മി.വിസ്തൃതിയുള്ളതും നാല് പട്ടികവര്‍ഗ കോളനികളുള്ളതുമായ കര്‍ഷക ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളുടേയും ഏക ആശ്രയമാണ് തിരുവമ്പാടി പ്രാഥമികാരോഗ്യകേന്ദ്രം.
ഓരോ ദിനവും ഇരുനൂറോളം രോഗികളാണ് ഇവിടെ എത്തുന്നത്.2015 ലാണ് ഇവിടെ ലാബ് സൗകര്യം ഒരുക്കുന്നതിനായി 2 ലക്ഷം രൂപ മുടക്കി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മുന്‍വശത്തായി കെട്ടിടം നിര്‍മിച്ചത്. ലാബിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 5 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തുകയും ചെയ്തിരുന്നു. ഓരോ ആഴ്ചയും പ്രമേഹത്തിന്റെയും രക്തസമ്മര്‍ദ്ദത്തിന്റെയും ഏറ്റകുറച്ചിലുകള്‍ അറിയണമെങ്കില്‍ ഇവിടെയെത്തുന്ന രോഗികള്‍ക്ക് സ്വകാര്യ ലാബിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
കൂലിവേല ചെയ്യുന്നവരും കര്‍ഷകരും ആദിവാസി കുടുംബങ്ങളും ലാബ് സൗകര്യമില്ലാത്തതിനാല്‍ വളരെ പ്രയാസപ്പെടുകയാണ്. കെട്ടിട സൗകര്യമുണ്ടായിട്ടും എന്തുകൊണ്ടാണ് ഇവിടെ ലാബ് സൗകര്യം ഒരുക്കാത്തത് എന്നാണ് രോഗികള്‍ക്ക് അധികാരികളോട് ചോദിക്കാനുള്ളത്. ജില്ലയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമെന്ന ബഹുമതിയും പ്രഥമ ആരോഗ്യ കേരള പുരസ്‌കാരവും നേടിയ ഈ ആതുരാലയത്തിന് ലാബ് സൗകര്യം ഉടന്‍ യാഥാര്‍ഥ്യമായില്ലെങ്കില്‍ നേട്ടങ്ങളെല്ലാം ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നില്‍ ഒലിച്ച് പോകും. ലാബ് സൗകര്യമൊരുക്കുന്നതിനായി ഫണ്ട് മാറ്റി വെച്ചിട്ട് വര്‍ഷം രണ്ട് കഴിഞ്ഞിട്ടും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബ് ഇനി എന്ന് തുറക്കുമെന്നാണ് ജനം ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."