പരിയങ്ങാട് വീടുകള്‍ക്ക് സമീപം അജ്ഞാതര്‍ കൊടി സ്ഥാപിച്ചത് ആശങ്കക്കിടയാക്കി
പൂക്കോട്ടുംപാടം: പരിയങ്ങാട് പ്രദേശത്ത് വീടുകള്‍ക്ക് സമീപം അജ്ഞാതര്‍ കൊടി സ്ഥാപിച്ചത് പ്രദേശവാസികളില്‍ ആശങ്കക്കിടയാക്കി. അമരമ്പലം പഞ്ചായത്തിലെ താഴെ പരിയങ്ങാട്ടിലെ ഏതാനും വീടുകള്‍ക്ക് മുന്നിലാണ് തിങ്കളാഴ്ച രാത്രിയില്‍ ആരോ കൊടി നാട്ടിയത്.
സൂചനകാളൊന്നുമില്ലാത്ത ചെറിയ കൊമ്പുകളില്‍ കെട്ടിയ അഞ്ചിലധികം കൊടികളാണ് സ്ഥാപിച്ചിട്ടുള്ളത്. സംഘടനാപരമായ അടയാളങ്ങളോ പ്രസ്ഥാനത്തിന്റെ പേരുകളോ ഇല്ലാതെ കൊടി നാട്ടിയതാണ് നാട്ടുകാരില്‍ ആശങ്ക ഉളവാക്കിയത്. മാവോവാദി സാന്നിധ്യമുള്ള പ്രദേശമായതിനാല്‍ മാവോ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നടപടിയാണോ ഇതെന്നും പ്രദേശവാസികള്‍ സംശയിക്കുന്നു. ജനസാന്ദ്രത കുറവായതിനാല്‍ വീടുകള്‍ വളരെകുറവുള്ള പ്രദേശമാണിത്.
ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ ബൈക്കുകള്‍ കടന്നുപോകുന്ന ശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. പരിയങ്ങാട് കോയിക്കല്‍ ബാബു, ചെറുക്കാട്ട്കുത്ത് സത്യഭാമ, നെല്ലുങ്ങല്‍ ലക്ഷ്മി, മഞ്ചേരിത്തൊടി രാമചന്ദ്രന്‍, രാജന്‍ എന്നിവരുടെ വീടുകള്‍ക്ക് സമീപത്തുമായാണ് കൊടികള്‍ സ്ഥാപിച്ചിട്ടുള്ളത്.
സംഭവുമായി ബന്ധപ്പെട്ട് നാട്ടുക്കാര്‍ പൂക്കോട്ടുംപാടം പൊലിസില്‍ വിവരമറിയിക്കുകയും നിലമ്പൂര്‍ സി.ഐ കെ.ജെ ദേവസ്യ, പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗന്‍ രാമചന്ദ്രന്‍, അജിത്ത്, എസ്.സി.പി.ഒ നിയാസ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. കൊടികള്‍ പിടിച്ചെടുക്കുകയും, നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."